ഡല്‍ഹി അഖോഞ്ചി മസ്ജിദ് പൊളിച്ച സംഭവം: ഡിഡിഎ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Update: 2024-02-01 14:26 GMT

ന്യൂഡല്‍ഹി: കൈയേറ്റം ആരോപിച്ച് 600 വര്‍ഷം പഴക്കമുള്ള പുരാതനമായ അഖോഞ്ചി മസ്ജിദ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. എന്തടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റിയതെന്ന് ഒരാഴ്ചയ്ക്കകം ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി(ഡിഡിഎ) വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത ഉത്തരവിട്ടു. സൗത്ത് ഡല്‍ഹി ജില്ലയിലെ മെഹ്‌റോളി ഭാഗത്തുള്ള പള്ളിയാണ് ഇക്കഴിഞ്ഞ ജനുവരി 30ന് വന്‍ പോലിസ് സന്നാഹത്തോടെയെത്തി പുലര്‍ച്ചെ പൊളിച്ചുമാറ്റിയത്. പ്രഭാതനമസ്‌കാരത്തിനു വേണ്ടിയുള്ള ബാങ്കുവിളിക്കു മുമ്പ് ബുള്‍ഡോസറുകളുമായെത്തിയാണ് പൊളിച്ചുനീക്കിയത്. പുലര്‍ച്ചെ 5:30നും 6:00നും ഇടയിലാണ് സംഭവം. പൊളിക്കല്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പ് എന്തെങ്കിലും മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നോ എന്നും കോടതി ചോദിച്ചു. മസ്ജിദും ബഹ്‌റുല്‍ ഉലൂം മദ്രസയും വിവിധ ഖബറിടങ്ങളും പൊളിച്ചതിനെതിരെയുള്ള അടിയന്തര ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എന്നാല്‍, നേരത്തേ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ മലക്കംമറിഞ്ഞാണ് ഡിഡിഎ ഇത്തവണ മറുപടി നല്‍കിയത്. മസ്ജിദ് പൊളിക്കാന്‍ മുകളില്‍ നിന്ന് ഉത്തരവുണ്ടെന്നാണ് നേരത്തേ പറഞ്ഞ ഡിഡിഎ അധികൃതര്‍, മതകമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പൊളിക്കല്‍ നടപടി സ്വീകരിച്ചതെന്നാണ് ഇപ്പോള്‍ വാദിച്ചത്. എന്നാല്‍ പള്ളി പൊളിക്കാന്‍ ഉത്തരവിടാന്‍ മതകമ്മിറ്റിക്ക് അധികാരമില്ലെന്ന് ഡല്‍ഹി വഖ്ഫ് ബോര്‍ഡ് മാനേജിങ് കമ്മിറ്റി വാദിച്ചു.

    സുബ്ഹി നമസ്‌കാരത്തിന് വിശ്വാസികള്‍ വരുന്നതിന് മുമ്പാണ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ മസ്ജിദ് പൊളിക്കുകയും അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും ചെയ്തത്. സ്ഥലത്തെത്തിയ ഇമാമിനെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. അദ്ദേഹം മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കാന്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. വിശ്വാസികളെ തടയാന്‍ പ്രദേശത്ത് പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് ബുള്‍ഡോസര്‍രാജ് നടപ്പാക്കിയത്. പള്ളിയോട് ചേര്‍ന്നുള്ള മദ്‌റസയും അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. 22 വിദ്യാര്‍ഥികളുടെ ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയാണ് നശിപ്പിച്ചത്.

Tags:    

Similar News