വനിതാ ഡോക്ടറെ കുത്തിക്കൊന്നതില്‍ വ്യാപക പ്രതിഷേധം; ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്

Update: 2023-05-10 06:46 GMT

എറണാകുളം: കൊട്ടാക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കിടെ വനിതാ ഡോക്ടര്‍ വന്ദനദാസിനെ കുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍പ്പണിമുടക്ക് നടത്തുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐഎംഎ)ന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാരും പണിമുടക്ക് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ സേവനം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടി നിശ്ചയിക്കും. കൊലപാതകത്തിന് കാരണം പോലിസിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. കസ്റ്റഡിയിലെടുത്ത പ്രതിയാണ് കൊലപാതകം നടത്തിയത് എന്നത് പോലിസിന്റെ വീഴ്ചയാണ്. മാത്രമല്ല, പോലിസ് സാന്നിധ്യത്തിലാണ് കുത്തേറ്റതെന്നത് ഏറെ ഗൗരവതരമാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യമുയരുന്നത്.

അതിനിടെ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പ്രത്യക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനാ ദാസിന്(23) ആറു കുത്തുകളേറ്റതായാണ് റിപോര്‍ട്ട്. കഴുത്തിലും മുതുകിലുമായാണ് കുത്തേറ്റത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. അധ്യാപകനായ ഇയാള്‍ ലഹരിക്ക് അടിമയാണെന്നും സസ്‌പെന്‍ഷനിലാണെന്നുമാണ് വിവരം.

Tags:    

Similar News