ഹോളി ദിനത്തില്‍ ദലിതുകളുടെ മേല്‍ നിറങ്ങള്‍ പൂശിയ 42 സവര്‍ണര്‍ക്കെതിരേ കേസ്

മഥുര(ഉത്തര്‍പ്രദേശ്): ഹോളി ദിനത്തില്‍ ദലിതുകളുടെ മേല്‍ നിറംങ്ങള്‍ പൂശിയ 42 സവര്‍ണര്‍ക്കെതിരേ കേസെടുത്തു. ദുലെന്തിയിലെ ബത്തി ഗ്രാമത്തില്‍ മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്ങളുടെ മേല്‍ നിറം പൂശിയതിനെ ചോദ്യം ചെയ്ത് ദലിതുകള്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. കല്ലുകളും വടികളും ഉപയോഗിച്ച് ദലിതുകള്‍ സവര്‍ണരെ നേരിട്ടു. ഈ സംഭവത്തില്‍ ദലിത് വിഭാഗത്തിലെ 32 പേര്‍ക്കെതിരെ പോലിസ് കേസെടുക്കുകയും ഒമ്പതു പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, നിറം പൂശിയവര്‍ക്കെതിരേ നടപടിയെടുത്തില്ല. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച്ച വിവിധ ദലിത് സംഘടനകള്‍ കലക്ടറേറ്റ് ഉപരോധിച്ചു. ഇതേതുടര്‍ന്നാണ് 42 സവര്‍ണര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് നിര്‍ബന്ധിതരായത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി സദര്‍ സര്‍ക്കിള്‍ ഓഫിസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലേയും പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.