മെഡിക്കൽ കോളജ് ആക്രമണം; രണ്ട് പേർ ഇപ്പോഴും ഒളിവിൽ; പോലിസ് ഒത്തുകളിയെന്ന് ആരോപണം

സിപിഎം മായാപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും ഇരിങ്ങാടൻ പള്ളി സ്വദേശിയുമായ കരുങ്ങുമ്മൽ സോമന്റെ മകൻ പി എസ് നിഖിൽ, കോവൂർ സ്വദേശി കെ ജിതിൻ ലാൽ എന്നിവരാണ് പിടിയിലാവാനുള്ളത്.

Update: 2022-09-12 14:31 GMT

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്ന് സുരക്ഷാ ജീവനക്കാരേയും മാധ്യമ പ്രവർത്തകനേയും ആക്രമിച്ച കേസിൽ ഇനി അറസ്റ്റിലാവാനുള്ളവരെ കണ്ടെത്തിയില്ല. ഡിവൈഎഫ്ഐ പ്രവർത്തകരായ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

സിപിഎം മായാപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും ഇരിങ്ങാടൻ പള്ളി സ്വദേശിയുമായ കരുങ്ങുമ്മൽ സോമന്റെ മകൻ പി എസ് നിഖിൽ, കോവൂർ സ്വദേശി കെ ജിതിൻ ലാൽ എന്നിവരാണ് പിടിയിലാവാനുള്ളത്. ഇരുവരും ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് പോലിസ് പറയുന്നു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കോവൂർ സ്വദേശിയും കേസിലെ പ്രതിയായ പി എസ് നിഖിലിന്റെ ബന്ധുവുമായ കെ അരുൺ ഉൾപ്പെടെ അഞ്ചുപേർ കഴിഞ്ഞദിവസം പോലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എറിസ് ലൈഫ്സയൻസിന്റെ ഏരിയാ ബിസിനസ് മാനേജറാണ് പി എസ് നിഖിൽ. നേരത്തേ അറസ്റ്റിലായ നിഖിലിന്റെ ബന്ധുവും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അം​ഗവുമായ കെ അരുണും ആരോ​ഗ്യമേഖലയിലെ ജീവനക്കാരനാണ് എന്നത് ശ്രദ്ധേയമാണ്.

ആഗസ്ത് 31നാണ് ഡിവൈഎഫ്ഐ നേതാവ് കെ അരുണിന്റെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. ആക്രമണത്തിന് മുന്നോടിയായി അരുണിനടക്കം ഓഹരിയുണ്ടെന്ന് പറയപ്പെടുന്ന മെഡിക്കൽ കോളജിനകത്തെ കാന്റീനകത്ത് പ്രതികൾ ഒത്തുചേർന്നെന്നും അവിടെ വച്ചാണ് ആക്രമണത്തിന്റെ ​ഗൂഡാലോചന നടന്നതെന്നും സുരക്ഷാ ജീവനക്കാർ ആരോപിക്കുന്നു. 

Tags:    

Similar News