അമ്മയും കുഞ്ഞും മരിക്കാനിടയായ ചികിത്സാപ്പിഴവ്: തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് ഡോക്ടര്‍മാരായ അജിത്, നിള, പ്രിയദര്‍ശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Update: 2022-10-04 14:26 GMT

പാലക്കാട്: അമ്മയും കുഞ്ഞും മരിക്കാനിടയായ ചികിത്സാപ്പിഴവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍.തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് നടപടി. പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് ഡോക്ടര്‍മാരായ അജിത്, നിള, പ്രിയദര്‍ശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണവും. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഗര്‍ഭിണിയായ 25 വയസുള്ള ഐശ്വര്യയെ ജൂണ്‍ അവസാന വാരമാണ് തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു തൊട്ടുമുന്‍പത്തെ ദിവസം മരിച്ചിരുന്നു.

മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണത്തില്‍ കുടുംബം ഉറച്ച് നിന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നല്‍കിയില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളില്‍ ചികിത്സയുടെ പേര് പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം ഒപ്പു വാങ്ങി. ഗര്‍ഭപാത്രം നീക്കിയത് പോലും അറിയിച്ചില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗര്‍ഭപാത്രം നീക്കിയപ്പോള്‍ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.


Tags:    

Similar News