മീറത്തിലെ പെരുന്നാള്‍ ആഘോഷ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ഇത് ഓര്‍വേലിയന്‍ പോലിസിങ്ങിലേക്കുള്ള പോക്കെന്ന്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീറത്തില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പോലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ നേതാവുമായ ജയന്ത് സിങ് ചൗധരി. ഒാര്‍വേലിയന്‍ പോലിസിങ്ങിലേക്കുള്ള പോക്കാണ് ഇതെന്ന് ജയന്ത് സിങ് ചൗധരി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. പെരുന്നാള്‍ നിയന്ത്രണത്തെ കുറിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം പങ്കുവച്ചാണ് അദ്ദേഹം ഇത് എഴുതിയത്. ചിന്തകളെ പോലും നിയന്ത്രിക്കുന്ന പോലിസിനെ കുറിച്ച് പരാമര്‍ശമുള്ള ജോര്‍ജ് ഓര്‍വെല്ലിന്റെ ''1984'' എന്ന ഡിസ്‌ടോപ്പിയന്‍ നോവലിനെ കുറിച്ചാണ് ജയന്ത് ചൗധരി പരാമര്‍ശിച്ചിരിക്കുന്നത്.

മസ്ജിദിലോ ഈദ്ഗാഹിലോ അല്ലാതെ നമസ്‌കരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നും പാസ്‌പോര്‍ട്ടും ലൈസന്‍സുമെല്ലാം റദ്ദാക്കുമെന്നുമാണ് പോലിസ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ എന്നാരോപിക്കുന്ന എട്ടു പേരുടെ പട്ടികയും മീറത്ത് പോലിസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. വിജയ് കുമാര്‍ സിങിന് കൈമാറി. ഇവരുടെ ലൈസന്‍സും പാസ്‌പോര്‍ടും റദ്ദാക്കാന്‍ പോവുകയാണ്.
ആളുകള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ഉല്‍സവങ്ങള്‍ ആഘോഷിക്കണമെന്നും എന്നാല്‍ ആര്‍ക്കും തടസ്സം സൃഷ്ടിക്കരുതെന്നും ജയന്ത് ചൗധരി 'ദി ഹിന്ദു' പത്രത്തോട് പറഞ്ഞു. '' പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുമെന്ന പോലിസ് ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം അനുചിതമാണ്.''-ജയന്ത് ചൗധരി പറഞ്ഞു.
പെരുന്നാള്‍ നമസ്‌കാരം ഏതാനും മണിക്കൂറുകള്‍ മാത്രമേ നടക്കാറുള്ളൂയെന്ന് രാഷ്ട്രീയ ലോക്ദളിന്റെ ബാഗ്പതില്‍ നിന്നുള്ള എംപിയായ രാജ് കുമാര്‍ സാങ്‌വാന്‍ ചൂണ്ടിക്കാട്ടി. കന്‍വാര്‍ യാത്രയില്‍ ദിവസങ്ങളോളം ഗതാഗതം വഴി തിരിച്ചുവിടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.