ജമ്മു കശ്മീര്‍: സായുധസംഘങ്ങളുമായി കേന്ദ്രം ചര്‍ച്ചക്ക് മുന്‍കൈ എടുക്കണം: മെഹ്ബൂബെ മുഫ്തി
സായുധസംഘങ്ങളെ മണ്ണിന്റെ മക്കളെന്ന് വിശേഷിപ്പിച്ചാണ് അവരുമായി ചര്‍ച്ച നടത്തണമെന്ന മെഹ്ബൂബ ആവശ്യപ്പെട്ടത്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ തോക്ക് സംസ്‌കാരം അവസാനിപ്പിക്കാന്‍ സായുധ നേതൃത്വവുമായി കേന്ദ്രം ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്ന് പിഡിപി അധ്യക്ഷ മഹ്ബൂബ മുഫ്തി.സായുധസംഘങ്ങളെ മണ്ണിന്റെ മക്കളെന്ന് വിശേഷിപ്പിച്ചാണ് അവരുമായി ചര്‍ച്ച നടത്തണമെന്ന മെഹ്ബൂബ ആവശ്യപ്പെട്ടത്. പാകിസ്താനുമായും വിഘടനവാദികളുമായും ചര്‍ച്ചകള്‍ നടത്താനുള്ള ശരിയായ സമയമാണിത്. അതുപോലെ തന്നെ സായുധ നേതൃത്വവുമായും ചര്‍ച്ച വേണം. അതിലൂടെ മാത്രമേ ജമ്മു കശ്മീരിലെ തോക്ക് സംസ്‌കാരം അവസാനിപ്പിക്കാന്‍ കഴിയൂ എന്നും മെഹ്ബൂബ വ്യക്തമക്കി. പാര്‍ട്ടി പരിപാടിക്കു ശേഷം അനന്ത്‌നാഗില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഹുറിയത്ത് കോണ്‍ഫ്രന്‍സുമായും സായുധസംഘങ്ങളുമായും ചര്‍ച്ച നടത്തണം. അതിനുള്ള ശരിയായ സമയമാണിത്. സായുധസംഘങ്ങളുമായി നേരത്തേ ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
സംഘര്‍ഷത്തിന്റെ പാതയിലേക്ക് പോവുന്നതില്‍നിന്നു പ്രാദേശിക സായുധസംഘങ്ങളെ തടയണം.പ്രാദേശിക സായുധസംഘങ്ങള്‍ മണ്ണിന്റെ മക്കളാണെന്നും അവരെ സംരക്ഷിക്കാന്‍ ഉള്ള ശക്തമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും അവര്‍ രാജ്യത്തിന്റെ സമ്പത്താണെന്നും 1996ല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സമയം മുതല്‍ പറഞ്ഞുവരുന്നതാണെന്നും അവര്‍ വ്യക്തമാക്കി.