''മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ്'' കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന് കുറ്റാരോപണ മെമ്മോ
ഒരു മാസത്തിനുള്ളില്‍ ഇതിന് ഗോപാലകൃഷ്ണന്‍ മറുപടി നല്‍കണം.
തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ച കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന് കുറ്റാരോപണ മെമ്മോ നല്‍കി സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഗോപാലകൃഷ്ണന് മെമ്മോ നല്‍കിയത്.
സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകള്‍ പാകി, ഓള്‍ ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയിലുള്ളത്. ഒരു മാസത്തിനുള്ളില്‍ ഇതിന് ഗോപാലകൃഷ്ണന്‍ മറുപടി നല്‍കണം.
തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ഗോപാലകൃഷ്ണന്റ വാദങ്ങള്‍ക്ക് തെളിവില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ മുസ്‌ലിം ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഗോപാലകൃഷ്ണന്‍ ഉണ്ടാക്കി. ഫോറന്‍സിക് പരിശോധന നടത്തുന്നതിന് മുമ്പ് ഫോണ്‍ പലതവണ ഗോപാലകൃഷ്ണന്‍ ഫോര്‍മാറ്റ് ചെയ്‌തെന്നും മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു. രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാവും.