ഉവൈസിക്ക് നേരേ വെടിയുതിര്‍ത്ത പ്രതികള്‍ക്ക് വന്‍ സ്വീകരണമൊരുക്കി ജാമിഅ ഷൂട്ടറും ഹിന്ദുത്വ സംഘടനകളും
ലഖ്‌നോ: എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ കാറിന് നേരേ വെടിയുതിര്‍ത്ത കേസിലെ പ്രതികള്‍ക്ക് വന്‍ സ്വീകരണമൊരുക്കി ജാമിഅ ഷൂട്ടറും ഹിന്ദുത്വസംഘടനകളും. ഉവൈസിക്ക് നേരേ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സച്ചിന്‍ പണ്ഡിറ്റിനും ശുഭം ഗുജ്ജാറിനുമാണ് ജാമിഅ മില്ലിയയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരേ വെടിയുതിര്‍ത്ത രാംഭക്ത് ഗോപാലും ഹിന്ദുത്വ സംഘടനകളും വരവേല്‍പ്പ് നല്‍കിയത്. ഗ്രേറ്റര്‍ നോയിഡയിലെ ഗ്രാമത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ഇരുവരെയും സ്വാഗതം ചെയ്യുന്നതിന്റെയും ഒരുമിച്ച് നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ ഗോപാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ബഹുമാനപ്പെട്ട ആസാദ് ആര്യ ഗുരുജിയോടും ഞങ്ങളുടെ യുവസഹോദരന്‍മാരായ ദേശഭക്ത് സച്ചിനും ശുഭം ഗുജ്ജാറുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയുടെ ചില ദൃശ്യങ്ങള്‍. ജയ് ശ്രീറാം'- രാംഭക്ത് ഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇരുവര്‍ക്കും ജാമ്യം കിട്ടി തിരിച്ചുവന്നതിന് ആഹ്ലാദം പ്രകടിപ്പിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജൂലൈ 31 നാണ് നിരവധി ഹിന്ദുത്വ ഗ്രൂപ്പുകളും രാമഭക്ത് ഗോപാലും ആഘോഷ പരിപാടി നടത്തിയത്. സച്ചിന്‍ പണ്ഡിറ്റിന്റെയും ശുഭം ഗുജ്ജാറിന്റെയും തിരിച്ചുവരവ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്ന പോസ്റ്ററും ഗോപാല്‍ പ്രചരിപ്പിച്ചിരുന്നു. ഉവൈസിക്ക് നേരേ വെടിയുതിര്‍ത്തവരുടെ സംഘപരിവാര്‍ ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ സച്ചിന്‍ പണ്ഡിറ്റ് പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു.
ഗൗതംബുദ്ധ് നഗറിലെ ബിജെപി എംപി മഹേഷ് ശര്‍മ, രാജ്യസഭയിലെ ബിജെപി എംപിമാരായ അരുണ്‍ സിങ്, ലക്ഷ്മീകാന്ത് ഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് ചിത്രങ്ങളാണ് സച്ചിന്‍ 'ദേശ്ഭക്ത് സച്ചിന്‍ ഹിന്ദു' എന്ന പേരിലുള്ള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. കൂടാതെ സച്ചിന്‍ പണ്ഡിറ്റ് തന്റെ ബിജെപി അംഗത്വ കാര്‍ഡിന്റെ ഫോട്ടോയും 2019ല്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പണ്ഡിറ്റിന്റെ അറസ്റ്റിനിടെ വൈറലായിരുന്നു. അവയില്‍, എംപിമാരായ അരുണ്‍ സിംഗ്, ലക്ഷ്മികാന്ത് ബാജ്‌പേയ് എന്നിവരോടൊപ്പമുള്ള ചിത്രങ്ങള്‍ പണ്ഡിറ്റ് പങ്കുവെച്ചിരുന്നു.
कुछ देर पहले छिजारसी टोल गेट पर मेरी गाड़ी पर गोलियाँ चलाई गयी। 4 राउंड फ़ायर हुए। 3-4 लोग थे, सब के सब भाग गए और हथियार वहीं छोड़ गए। मेरी गाड़ी पंक्चर हो गयी, लेकिन मैं दूसरी गाड़ी में बैठ कर वहाँ से निकल गया। हम सब महफ़ूज़ हैं। अलहमदु'लिलाह। pic.twitter.com/Q55qJbYRih
— Asaduddin Owaisi (@asadowaisi) February 3, 2022
2017ലെ ഒരു പോസ്റ്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും കാണാം. ഫെബ്രുവരി മൂന്നിന് ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് ഉവൈസി സഞ്ചരിച്ച വാഹനത്തിന് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ത്തത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം പ്രതികളായ സച്ചിന്‍ പണ്ഡിറ്റും ശുഭം ഗുജ്ജാറും അറസ്റ്റിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ഇരുവരുടെയും അറസ്റ്റിന് തൊട്ടുപിന്നാലെ അക്രമികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് ഹിന്ദുസേനാ ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്ത പ്രഖ്യാപിച്ചിരുന്നു.