ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂറോപിൽ അടച്ചുപൂട്ടേണ്ടി വരും; പ്രതിസന്ധിയിൽ ഉലഞ്ഞ് മെറ്റ

പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

Update: 2022-02-08 10:03 GMT

പാരീസ്: യൂറോപ്പിലുടനീളം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് മാതൃ കമ്പനിയായ മെറ്റ അറിയിച്ചു. വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂനിയൻ വരുത്തുന്ന മാറ്റത്തിൽ മെറ്റ ആശങ്കയറിയിച്ചു. വിവരങ്ങൾ യൂറോപ്യൻ യൂനിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം.

പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്യൻ യൂനിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ.

"ഞങ്ങൾ പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കുമിടയിലും ഡാറ്റ കൈമാറാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമിടയിൽ ഡാറ്റ പങ്കിടുന്നതിൽ നിന്ന് ഞങ്ങളെ പരിമിതപ്പെടുത്തിയാലോ, അത് സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ കഴിവിനെയും ഞങ്ങൾ തുടർന്നുപോരുന്ന രീതിയെയും ബാധിച്ചേക്കാമെന്ന് മെറ്റ പ്രസ്താവനയിൽ പറയുന്നു.

ഈ വർഷം ഒരു പുതിയ കരാറിലെത്താൻ കഴിയുമെന്ന് കരുതുന്നതായി മെറ്റ വ്യക്തമാക്കി, എന്നാൽ അത് സംഭവിച്ചില്ലെങ്കിൽ, "ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും യൂറോപ്പിൽ വാഗ്ദാനം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്ന് മെറ്റ വക്താവ് കൂട്ടിച്ചേർത്തു.

ട്രാൻസ് അറ്റ്ലാന്റിക് ഡാറ്റാ കൈമാറ്റങ്ങൾ നടത്തുന്നതിന് നിയമപരമായ അടിസ്ഥാനമായി മെറ്റയ്ക്ക് മുമ്പ് പ്രൈവസി ഷീൽഡ് എന്ന ഡാറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്ക് ഉപയോഗിക്കാമായിരുന്നു. എന്നാൽ 2020 ജൂലൈയിൽ, ഡാറ്റാ സംരക്ഷണത്തിന്റെ ലംഘനങ്ങൾ കാരണം യൂറോപ്യൻ കോടതി ഉടമ്പടി റദ്ദാക്കി. ഈ സ്റ്റാൻഡേർഡ് യൂറോപ്യൻ പൗരന്മാരുടെ സ്വകാര്യത വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്ന് ബ്ലോക്കിന്റെ ഏറ്റവും ഉയർന്ന നിയമ അതോറിറ്റി വിധിച്ചിരുന്നു. തൽഫലമായി, യുഎസിലേക്ക് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ അയയ്ക്കുന്നതിൽ യുഎസ് കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്തി.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാർഷിക ഫലം കമ്പനിക്കേൽപ്പിച്ച തിരിച്ചടി വലുതായിരുന്നു. ഇതിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യൻ യൂനിയന്റെ നിയമ നിർദ്ദേശങ്ങൾ കമ്പനിക്ക് തിരിച്ചടിയാകുന്നത്. പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞ ആഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതേ തുടർന്ന് മാർക് സക്കർബർഗ് ആസ്തി വലിപ്പത്തിൽ ഇന്ത്യൻ അതിസമ്പന്നരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോയിരുന്നു.

Similar News