പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി ടെലിഗ്രാഫില്‍ എം ജി രാധാകൃഷ്ണന്റെ ലേഖനം

Update: 2024-02-27 12:49 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശന ശരങ്ങളുതിര്‍ത്ത് ദി ടെലിഗ്രാഫില്‍ ലേഖനം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും അന്തരിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും മുതിര്‍ന്ന നേതാവുമായ പി ഗോവിന്ദപ്പിള്ളയുടെ മകനുമായ എം ജി രാധാകൃഷ്ണനാണ് പിണറായിയെ വിമര്‍ശിച്ച് ടെലിഗ്രാഫില്‍ ലേഖനമെഴുതിയത്. സംസ്ഥാനത്ത് മറ്റൊരു സിപിഎം നേതാവും ഇതുവരെ അകപ്പെട്ടിട്ടില്ലാത്തത്ര അഴിമതിയാരോപണ കേസുകളാണ് പിണറായി വിജയനെതിരേ ഉയര്‍ന്നുവന്നിട്ടുള്ളത് എന്ന് രാധാകൃഷ്ണന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്വജനപക്ഷപാതിത്വത്തിന്റെ കാര്യത്തിലും മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവിനും ഇത്രമാത്രം അപഖ്യാതി നേരിടേണ്ടി വന്നിട്ടില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. ഫെബ്രുവരി 26 ലെ ദി ടെലിഗ്രാഫ് ഓണ്‍ലൈനിലാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്.

ലേഖനത്തിലെ പ്രധാന ഭാഗങ്ങള്‍:

പല കാര്യങ്ങളിലും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനം അദ്വിതീയമാണ്. ആറരപ്പതിറ്റാണ്ടു നീണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സുദീര്‍ഘചരിത്രത്തില്‍, തുടര്‍ച്ചയായി രണ്ടുതവണ മുഖ്യന്ത്രി പദവിയിലെത്തിയ ആദ്യ നേതാവാണ് പിണറായി. സിപിഎമ്മിന്റെ കോട്ടകൊത്തളങ്ങളായ പശ്ചിമ ബംഗാളും ത്രിപുരയും പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറന്തള്ളിയപ്പോള്‍എട്ടുകൊല്ലമായി അധികാരത്തില്‍ തുടരുന്ന ഒരേയൊരു സിപിഎം നിയന്ത്രിത സര്‍ക്കാരാണ് പിണറായി വിജയന്റേത്. 18 കൊല്ലക്കാലം സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും പിണറായി വഹിച്ചിട്ടുണ്ട്.

എന്നാല്‍ മുതിര്‍ന്ന ഈ നേതാവിന്റെ റെക്കോഡില്‍ സംശയാസ്പദമായ പല ആരാപണങ്ങളും ഇടം പിടിച്ചിട്ടുണ്ട്. പിണറായിയോളം അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങള്‍ക്കു വിധേയനായ മറ്റൊരാളും സിപിഎം നേതൃനിരയില്‍ നാളിതുവരെ ഉണ്ടായിട്ടില്ല. 2009ല്‍ പിണറായി ആദ്യമായി പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമാവുന്ന കാലത്താണ് ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സിബിഐ ഒമ്പതാം പ്രതിയായി പിണറായിയെ ചേര്‍ക്കുന്നത്. 1995ല്‍ വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് മൂന്നു ഹൈഡ്രോപവര്‍ സ്‌റ്റേഷനുകളുടെ നവീകരണ പ്രവൃത്തിക്ക് കരാര്‍ നല്‍കിയതില്‍ 375 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. 2013ല്‍ സിബിഐ പ്രത്യേക കോടതിയും 2017ല്‍ കേരള ഹൈക്കോടതിയും പിണറായിയെ കുറ്റവിമുക്തനാക്കിയെങ്കിലും സിബിഐയുടെ അപ്പീലില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ് കേസ്.

2023 ഫെബ്രുവരിയില്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രധാന പ്രതിയായ സ്വപ്നാ സുരേഷ് നിരവധി ഇടപാടുകളിലൂടെ മുഖ്യമന്ത്രി നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്ന ഗുരുതര ആരോപണം ഉയര്‍ത്തി. 2020 ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്യമായ എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇഡിയും എന്‍ഐഎയും പ്രസ്തുത കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും പിണറായി വിജയനെതിരായ കുറ്റം തെളിയിക്കപ്പെട്ടിരുന്നില്ല.

ഏറ്റവും ഒടുവിലേതാണ് കേരളത്തിലെ ഒരു പ്രമുഖ കരിമണല്‍ വ്യവസായിയില്‍ നിന്ന് മാസപ്പടി പറ്റിയതായ ആരോപണം. കേരളത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വിജയന്റെയും മകള്‍ വീണയുടെയും പേരുകളും ഉയര്‍ന്നുവന്നു. കേന്ദ്രമന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) ഇപ്പോള്‍ അന്വേഷണം തുടരുന്ന കേസ് ക്വാഷ് ചെയ്യണമെന്ന വീണയുടെ റിട്ട് ഫെബ്രുവരി 16ന് കര്‍ണാടക ഹൈക്കോടതി തള്ളി. കോടതി നിര്‍ദ്ദേശപ്രകാരം വീണ എസ്എഫ്‌ഐഒ മുമ്പാകെ മൊഴിനല്‍കാന്‍ ഫെബ്രുവരി 19ന് ചെന്നൈയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവുകയും ചെയ്തു. ബെംഗളൂരുവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് സമര്‍പ്പിച്ച ഒരു ഇടക്കാല റിപോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അന്വേഷണം. നേതാക്കളെ താറടിക്കാനായി കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പൊറാട്ടുനാടകമെന്ന് ആക്ഷേപിച്ച് അന്വേഷണത്തെ സിപിഎം തള്ളിക്കളഞ്ഞു.

ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഗുരുതരമായ നിരീക്ഷണങ്ങളാണ് മാസപ്പടി വിവാദത്തിലൂടെ പുറത്തുവന്നത്. സേവനം നല്‍കാതെ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷ്യന്‍സ് ലിമിറ്റഡ് 1.72 കോടി രൂപ കൈപ്പറ്റിയതായി കരിമണല്‍ വ്യവസായി കര്‍ത്തായുടെ കമ്പനിയായ സിഎംആര്‍എല്‍ സമ്മതിക്കുകയും ചെയ്തു. 78 ലക്ഷം രൂപ വായ്പയായി പ്രസ്തുത കമ്പനിയില്‍ നിന്ന് കൈപ്പറ്റിയതായും വെളിപ്പെട്ടു. കരിമണല്‍ ഡയറിയില്‍ പി വി എന്ന ചുരുക്കപ്പേരിനൊപ്പം അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ ചുരുക്കപ്പേരുകളും ഉണ്ടായിരുന്നു. പാര്‍ട്ടി സംഭാവനയായി പണം കൈപ്പറ്റിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ സമ്മതിച്ചപ്പോള്‍ നിയമസഭയില്‍ പോലും 'തന്റെ കൈകള്‍ ശുദ്ധമാണ്' എന്നു പറഞ്ഞ് പിണറായി വിജയന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ എല്‍ ഡിഎഫിനെ വേട്ടയാടാന്‍ ഇടയുള്ള ഒരു പ്രധാന വിഷയമാണിത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് എതിരേയാണ് അന്വേഷണമെങ്കിലും യുഡിഎഫിനും ഏറെ വിയര്‍ക്കേണ്ടിവരും.

Tags:    

Similar News