ആര്‍ഷോയെ മഹാരാജാസ് കോളജ് പുറത്താക്കിയേക്കും
ആറാം സെമസ്റ്ററിന് ശേഷമുള്ള എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചു
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ എറണാകുളം മഹാരാജാസ് കോളജ് പുറത്താക്കിയേക്കും. ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോയെങ്കിലും ദീര്‍ഘനാളായി ഹാജരാകാത്തതിനാല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ആറാം സെമസ്റ്ററിന് ശേഷമുള്ള എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടി. മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്‌സിറ്റ് ഓപ്ഷന്‍ നല്‍കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
'' ഒരു സെമസ്റ്ററില്‍ ക്ലാസില്‍ ഹാജരില്ലായെന്ന് കരുതി എങ്ങനെയാണ് നോട്ടീസ് നല്‍കുന്നത്. ആ സെമസ്റ്റര്‍ പൂര്‍ത്തിയാക്കി അടുത്ത സെമസ്റ്ററിലേക്ക് കടക്കുമ്പോള്‍ മതിയായ ഹാജര്‍ ഇല്ലെങ്കില്‍ ഇയര്‍ ഔട്ട് ആവുകയാണ് ചെയ്യുക. ഒരു സര്‍വകലാശാലയിലും കേള്‍ക്കാത്ത കാര്യമാണ് ഇവിടെ കേള്‍ക്കുന്നത്''- ആര്‍ഷോ പറഞ്ഞു.