ഗയ(ബിഹാര്‍): ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ ബലാല്‍സംഗത്തിനിരയായ യുവതി മരിച്ചു. ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പഞ്ചാബ് സ്വദേശിനിയാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നുദിവസത്തിനു ശേഷം മരിച്ചത്. വ്യാഴാഴ്ച ഭര്‍തൃമാതാവ് അധികൃതരെ അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം 25കാരിയെ പ്രവേശിപ്പിച്ചത്. ലുധിയാന സ്വദേശിനിയായ, രണ്ടുമാസം ഗര്‍ഭിണിയായ യുവതിയെ ആരോഗ്യപ്രശ്‌നങ്ങളെയും രക്തസ്രാവത്തെയും തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താനായാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാര്‍ച്ച് 27നാണ് അനുഗ്രഹ് നരയ്ന്‍ മഗധ് മെഡിക്കല്‍ കോളജ് ആശുപത്രി(എഎന്‍എംഎംസിഎച്ച്)യിലെ എമര്‍ജന്‍സി വാര്‍ഡിലേക്കു മാറ്റിയത്. പിന്നീട് ഏപ്രില്‍ ഒന്നിനു ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. ഏപ്രില്‍ 2, 3 തിയ്യതികളില്‍ തുടര്‍ച്ചയായി രണ്ടുരാത്രികളില്‍ ഒറ്റപ്പെട്ട വാര്‍ഡില്‍ ഒരു ഡോക്ടറാണ് യുവതിയെ പീഡിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു.
കൊറോണ വൈറസ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ശേഷം യുവതി തനിച്ചുകഴിയുകയും പേടിച്ചരണ്ടു കഴിയുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഒരു ഡോക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെ അവള്‍ വെളിപ്പെടുത്തിയതെന്ന് ഭര്‍തൃമാതാവ് പറഞ്ഞു. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച് യുവതി മരണപ്പെടുകയായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. വിവരമറിഞ്ഞ് പോലിസ് ഭര്‍തൃമാതാവിനോട് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെടുകയും യുവതിക്ക് ചികില്‍സ നിര്‍ദേശിച്ച ഡോക്ടറെ തിരിച്ചറിയാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും തിരിച്ചറിയാനായില്ല. അതേസമയം, പ്രഥമദൃഷ്ട്യാ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി കെ പ്രസാദ് പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റവാളിയെ തിരിച്ചറിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ വേഷം ധരിച്ച് കിറ്റുകളുമായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ച രണ്ടുപേരെ ഗയ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നയാളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡെക്കാന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.