സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷം;ഇറക്കുമതി ചെയ്യാനൊരുങ്ങി മില്‍മ

പശുക്കളില്‍ വൈറസ് ബാധ വ്യാപകമായതോടെ പാലുല്‍പാദനം ഗണ്യമായി കുറഞ്ഞു. തിരുവനന്തപരുത്ത് സംഭരിക്കുന്ന പാലിന്റെ അളവില്‍ കുറവ് വന്നുതുടങ്ങിയിട്ടുണ്ട്. ഏകദേശം പന്ത്രണ്ടര ലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് സംഭരണം ഉള്ളത്. രണ്ട് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഈ കുറവ് നികത്താന്‍ കര്‍ണാടകത്തില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറക്കുമതിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ചെലവ് എത്രയെന്ന് നോക്കാതെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ നിന്നും പാല്‍കൊണ്ട് വന്ന് ഉപഭോക്താവിന് നല്‍കാനാണ് തീരുമാനം

Update: 2020-02-12 13:24 GMT

കൊച്ചി: പശുക്കളില്‍ വൈറസ് ബാധ വ്യാപകമായതോടെ സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമാണെന്ന് മില്‍മ ചെയര്‍മാന്‍ പി ബാലന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.മാരകമായ വൈറസ് രോഗമാണ് സംസ്ഥാനത്തുടനീളം പശുക്കളില്‍ കണ്ടുതുടങ്ങിയിരിക്കുന്നത്. ഇത്തരം രോഗങ്ങള്‍ പശുക്കളെ ബാധിച്ചുതുടങ്ങിയതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. തിരുവനന്തപരുത്ത് സംഭരിക്കുന്ന പാലിന്റെ അളവില്‍ കുറവ് വന്നുതുടങ്ങിയിട്ടുണ്ട്. ഏകദേശം പന്ത്രണ്ടര ലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് സംഭരണം ഉള്ളത്. രണ്ട് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വേനല്‍കാലങ്ങളില്‍ സാധാരണ ഗതിയില്‍ എഴുപത്തി അയ്യായിരം മുതല്‍ ഒരു ലക്ഷം ലിറ്ററിന്റെ വരെ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത് മറ്റ് ഫെഡറേഷനുകളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് പരിഹരിക്കാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ കുറവ് നികത്താന്‍ കര്‍ണാടകത്തില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറക്കുമതിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ചെലവ് എത്രയെന്ന് നോക്കാതെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ നിന്നും പാല്‍കൊണ്ട് വന്ന് ഉപഭോക്താവിന് നല്‍കാനാണ് തീരുമാനം.

നിലവില്‍ കര്‍ണാടക,തമിഴ്‌നാട്ട് എന്നിവിടങ്ങളില്‍ നിന്നും മലബാര്‍ മേഖലയില്‍ നിന്നുമുള്ള പാല്‍ ഉപയോഗിച്ചാണ് തിരുവനന്തപുരം,കൊച്ചി മേഖലകളില്‍ ക്ഷാമം പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാല്‍ക്ഷാമം പരിഹരിക്കാനുള്ള കൂടിയാലോചനകള്‍ക്കായി മില്‍മയുടെ സംസ്ഥാന തലത്തിലുള്ള ഹൈപവര്‍ കമ്മിറ്റി നാളെ തിരുവനന്തപുരത്ത് ചേരും.കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അധികമായി പാല്‍ ഇറക്കുമതി ചെയ്യുന്നതുള്‍പ്പെടെയുള്ള പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. മൂന്ന് മേഖല യൂനിയനുകളുടെ ചെയര്‍മാന്‍മാരും എംഡിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പശുക്കളുടെ ശരീരത്തില്‍ നെല്ലിക്കവലിപ്പത്തില്‍ മുഴയുണ്ടാകുകയും ഇവ പൊട്ടിയൊലിച്ച് വ്യാപകമാകുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇത്തരം പശുക്കളുടെ കറവ പൂര്‍ണമായും നഷ്ടപ്പെടുന്നുണ്ട്.

കര്‍ഷകരെ സഹായിക്കാന്‍ മില്‍മ കാലിത്തീറ്റയും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ പ്രതിരോധപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടക്കാതിരുന്നത് രോഗം പടരാന്‍ കാരണമായെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. മൃഗസംരക്ഷണവകുപ്പും മറ്റ് ഏജന്‍സികളും പ്രതിരോധനടപടികളുമായി ഇപ്പോള്‍ രംഗത്തുണ്ട്. ഇപ്പോള്‍ രോഗം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. കാലിത്തീറ്റകള്‍ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞതവണ പാലിന്റെ വില നാല് രൂപ വര്‍ധപ്പിച്ചപ്പോള്‍ മൂന്ന് രൂപ 35പൈസ കൃത്യമായി ക്ഷീരസഹകരണസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ ഒരു കര്‍ഷകന്‍പോലും ഇത് കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News