ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മുക്കിയ കേസ്; ഹൈക്കോടതിയില്‍ സ്വകാര്യ ഹരജി
ഈ സാഹചര്യത്തിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിന്‍റെ വിചാരണ വേഗം പൂർത്തിയാക്കണമന്ന് ആവശ്യപ്പെട്ടുളള സ്വകാര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടിമറിക്കാൻ വിചാരണ മനപൂർവം വൈകിക്കുന്നെന്നാണ് ആക്ഷേപം. പ്രതിയായ മന്ത്രി കോടതിയിൽ ഹാജരാകാൻ പോലും തയാറായിട്ടില്ല. മനപൂർവം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹരജിയിലുണ്ട്.
ഈ സാഹചര്യത്തിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരേ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്. 2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്.
നിലവിൽ വിചാരണ ഇഴഞ്ഞുപോകുന്ന കേസിൽ ഇതിനകം മന്ത്രിക്കെതിരേ പുതിയ വെളിപ്പെടുത്തൽ വന്നെങ്കിലും സർക്കാരിന് വലിയ അനക്കമില്ല. പ്രതിപക്ഷ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നതിനിടെ 2014 ലെ സുപ്രിംകോടതി പരാമർശവും ആൻറണി രാജുവിന് കുരുക്കാകുന്നുണ്ട്. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാകുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്നായിരുന്നു നിരീക്ഷണം.