കൊളോണിയൽ അടിമത്വത്തിൽ നിന്ന് ചിലർ മുക്തരായിട്ടില്ല', ബിബിസി വിവാദത്തിൽ വിമർശനവുമായി കേന്ദ്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രം. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലർ കരുതുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജജു കുറ്റപ്പെടുത്തി. ഇത്തരക്കാർ രാജ്യത്തെ ദുർബലപ്പെടുതുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം ഇന്നലെ നിര്‍ദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളും പൗരാവകാശ പ്രവർത്തകരും വ്യാപകമായി ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ലിങ്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ നടപടി. രണ്ട് ദിവസമായി ബിബിസി ഡോക്യുമെന്ററി ഹാഷ്ടാഗ് ഇന്ത്യയിൽ ട്വിറ്ററിൽ ട്രെൻഡിംഗിൽ ആദ്യത്തേതായിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ ഇതുവരെ സംപ്രേഷണം ചെയ്യാത്ത ഡോക്യുമെന്ററിയുടെ ലിങ്കുകൾ ട്വിറ്ററിനോടും യൂട്യൂബിനോടും നീക്കം ചെയ്യാൻ കേന്ദ്രം നിർദേശിച്ചത്.