'ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്'; സ്വപ്‌നയുടെ മൊഴിയില്‍ വിശദീകരണവുമായി കെ ടി ജലീല്‍

Update: 2020-10-20 18:09 GMT

മലപ്പുറം: അലാവുദ്ദീന്‍ എന്ന പരിചയക്കാരന്് യുഎഇ കോണ്‍സുലേറ്റില്‍ ജോലി തരപ്പെടുത്താന്‍ മന്ത്രി കെടി ജലീല്‍ വിളിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയതിനു പിന്നാലെ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ആ ആലാവുദ്ദീന്‍ ഈ ആലാവുദ്ദിനാണ് എന്ന് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിശദീകരണം.

റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്.

മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ ബഹുമാന്യനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പെഴ്‌സണല്‍ സെക്രട്ടറിയായി, ഒന്‍പത് വര്‍ഷം സേവനമനുഷ്ടിച്ച അലാവുദ്ദീന്‍ ഹുദവിയുടെ ബയോഡാറ്റയാണ്, യുഎഇ കോണ്‍സുലേറ്റിലേക്ക് അയച്ചു കൊടുത്തത്. ഇതാണ് എന്തോ ആനക്കാര്യം സ്വപ്ന സുരേഷ് പറഞ്ഞു എന്ന രൂപേണ, സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

ഒന്നാം റാങ്കോടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ അറബിക് പാസ്സായ അലാവുദ്ദീന്‍, യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് എം.ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം, ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. എം. മുകുന്ദന്റെ മാസ്റ്റര്‍പീസായ 'മയ്യഴി പുഴയുടെ തീരങ്ങളില്‍' എന്ന നോവല്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ അലാവുദ്ദീന്‍ ഹുദവി, മലയാള മനോരമ ദേശീയാടിസ്ഥാനത്തില്‍ ഒ.വി വിജയന്റെ രചനകളെ കുറിച്ച് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രബന്ധ മല്‍സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സരത്തിലും, അലാവുദ്ദീനായിരുന്നു ഒന്നാം സ്ഥാനം. അഭിവന്ദ്യനായ ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് അറബിയിലും ഇംഗ്ലിഷിലും ഗ്രന്ഥരചന നടത്തിയിട്ടുളള അലാവുദ്ദീന്‍ ഹുദവി പാണക്കാട് കൊടപ്പനക്കല്‍ കുടുംബവുമായും ലീഗ് നേതാക്കളുമായും സമസ്തയുടെ പണ്ഡിതശ്രേഷ്ഠരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യുവ പണ്ഡിതന്‍ കൂടിയാണ്. സമാദരണീയനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം അറബിയില്‍ തയ്യാറാക്കിയിട്ടുള്ളതും അലാവുദ്ദീനാണ്. വിവിധ കലാസാംസ്‌കാരിക സംഘടനകള്‍ നടത്തിയ സാഹിത്യ മത്സരങ്ങളിലും അദ്ദേഹം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, കെ. മൊയ്തു മൗലവി സാഹിത്യ അവാര്‍ഡ്, പി.എം. മുഹമ്മദ്‌കോയ ഫൗണ്ടേഷന്‍ അവാര്‍ഡ്, മഹാത്മാ ഫൂലെ എക്‌സലന്‍സി അവാര്‍ഡ് എന്നീ അംഗീകാരപ്പതക്കങ്ങളും തന്റെ ചെറു പ്രായത്തിനിടയില്‍ അലാവുദ്ദീന്‍ കരസ്ഥമാക്കി. കേരളീയ നവോത്ഥാനത്തിന് ശിലപാകിയ ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം അറബി ഭാഷയില്‍ ഇദംപ്രഥമമായി തയ്യാറാക്കുന്നതും ഇതേ അലാവുദ്ദീന്‍ ഹുദവിയാണ്.

മലപ്പുറം ജില്ലയിലെ ഒരു സാധാരണ മൊല്ലാക്കയുടെ മകനായി ജനിച്ച്, സ്വന്തം കഴിവിന്റെ മികവില്‍ ശ്രദ്ധേയനായ അലാവുദ്ദീന്‍ എന്ന ചെറുപ്പക്കാരന്‍, യുഎഇ കോണ്‍സുലേറ്റില്‍ ഒരു ദ്വിഭാഷിയുടെ ഒഴിവുണ്ടെന്നും അതിലേക്ക് താന്‍ യോഗ്യനാണെങ്കില്‍ പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. അതുപ്രകാരം അദ്ദേഹത്തിന്റെ രാഷ്ടീയമോ പാര്‍ട്ടിയോ നോക്കാതെ, ബയോഡാറ്റ കോണ്‍സുലേറ്റിലേക്ക് അയച്ചു കൊടുക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. ചമല്‍ക്കാരങ്ങളില്ലാത്ത ഒരു കുടുംബ പശ്ചാതലത്തില്‍ നിന്ന് വരുന്ന ഒരു പാവപ്പെട്ട മിടുക്കനോട് ഒരു ഭരണകര്‍ത്താവ് ചെയ്യേണ്ടതെന്തോ അതുചെയ്തു എന്നു ചുരുക്കം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുയോജ്യനെങ്കില്‍ അയാളെ തെരഞ്ഞെടുക്കേണ്ടത് കോണ്‍സുലേറ്റാണ്. അവിഹിതമായ ഇടപെടലൊന്നും അതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. ഇതിനെയാണ് വക്രീകരിച്ച് ചില കേന്ദ്രങ്ങള്‍ ദുഷ്പ്രചാരണത്തിന് ഉപയോഗിച്ചത്.

മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗ് എന്ന നിലയില്‍, ഹിസ് ഹൈനസ് ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശന സമയം മുതല്‍ക്ക്, യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ച എല്ലാ വസ്തുതകളും അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഒന്നും മറച്ചുവെച്ചിട്ടില്ല. റംസാന്‍ കിറ്റുവിതരണ ഉല്‍ഘാടനത്തിന് കോണ്‍സല്‍ ജനറലിന്റെ ക്ഷണപ്രകാരം കോണ്‍സുലേറ്റില്‍ പോയതും, യുഎഇ നാഷണല്‍ ഡേ പ്രോഗ്രാമില്‍ ലീല ഹോട്ടലില്‍ പങ്കെടുത്തതും, റംസാന്‍ കാലത്ത് ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചതുമെല്ലാം ഇതിലുള്‍പ്പെടും.

റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു.

ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്.

-------------------------------

മുസ്ലിംലീഗിൻ്റെ മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ ബഹുമാന്യനായ...

ഇനിപ്പറയുന്നതിൽ Dr KT Jaleel പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച




Tags:    

Similar News