തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ കണക്ക് പറയും. സര്‍ക്കാര്‍ ഇതുവരെ വ്യത്യസ്തമായ കണക്കുകളാണ് അറിയിച്ചത്. രണ്ടായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ലെന്നായിരുന്നു സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി ആദ്യം പറഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് അയ്യായിരത്തോളം പേരുണ്ടെന്നാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണക്കം കാണിക്കല്‍ നോട്ടിസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.
ഇന്നലെ ഉച്ചയ്ക്ക് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ കണക്കെടുപ്പ് പൂര്‍ത്തിയാകാത്തത് കൊണ്ടാണ് വൈകിയതെന്നും കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് വൈകിട്ടോടെ അറിയിച്ചു.
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങള്‍ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരും അനധ്യാപകരും വാക്‌സീന്‍ എടുക്കണമെന്നും വാക്‌സീന്‍ എടുക്കാത്തവര്‍ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗരേഖയെന്നും കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്‌സീന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലര്‍ത്തിയതാണെന്നും വാക്‌സീന്‍ എടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തിയിരുന്നു.
അതേസമയം വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നതിനപ്പുറമുള്ള നടപടികള്‍ എന്താകും എന്ന കാര്യത്തില്‍ വ്യക്തമായ മറുപടിയൊന്നുമുണ്ടായിട്ടില്ല. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയില്‍ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.