സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി
ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയതായി മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയതായി മന്ത്രി അറിയിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലാണ് വില വര്‍ധന ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. മാര്‍ച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കില്‍ സംസ്ഥാനം വാങ്ങി സംഭരിച്ചിട്ടുണ്ട്്. അതിനാല്‍ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക് തന്നെ വില്‍ക്കാനാകും.