യുപിയില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം എസ്പി മുന്‍ മന്ത്രിയുടെ ആശ്രമത്തില്‍ കുഴിച്ചിട്ട നിലയില്‍

Update: 2022-02-11 10:12 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍നിന്ന് കാണാതായ 22 കാരിയായ ദലിത് യുവതിയുടെ മൃതദേഹം സമാജ് വാദി പാര്‍ട്ടി മുന്‍മന്ത്രി ഫത്തേ ബഹദൂര്‍ സിങ് നിര്‍മിച്ച ആശ്രമത്തിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രണ്ടുമാസം മുമ്പാണ് ദലിത് യുവതിയെ കാണാതായത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഫത്തേ ബഹദൂര്‍ സിങ്ങിന്റെ മകന്‍ രാജോള്‍ സിങ്ങിനെ ജനുവരി 24ന് തന്നെ അറസ്റ്റ് ചെയ്തിരുന്നതായി പോലിസ് അറിയിച്ചു. ഞങ്ങള്‍ റിമാന്‍ഡ് പ്രതിയായ രാജോള്‍ സിങ്ങിനെ ചോദ്യം ചെയ്തു. അതിനുശേഷമാണ് അന്വേഷണസംഘം വ്യാഴാഴ്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം സംസ്‌കരിച്ച സ്ഥലം തിരിച്ചറിയാന്‍ ഞങ്ങള്‍ പ്രാദേശിക ഇന്റലിജന്‍സിന്റെ സഹായവും മൊബൈല്‍ നിരീക്ഷണവും ഉപയോഗിച്ചു- ഉന്നാവോ അഡീഷനല്‍ പോലിസ് സൂപ്രണ്ട് ശശി ശേഖര്‍ സിങ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവത്തില്‍ മറ്റാരെങ്കിലുംഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഇത്രയും വൈകിപ്പിച്ചതിന് പ്രദേശത്തെ സ്‌റ്റേഷന്‍ ഓഫിസറായ അഖിലേഷ് ചന്ദ്ര പാണ്ഡയെ സസ്‌പെന്റ് ചെയ്തതായും പോലിസ് അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലിസിന്റെ അലംഭാവത്തെക്കുറിച്ച് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 25ന് ലഖ്‌നോവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നില്‍ യുവതിയുടെ അമ്മ തീക്കൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് അന്നുതന്നെ രാജോള്‍ സിങ്ങിനെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ബന്ധുക്കളുടെ ആരോപണങ്ങളെ പോലിസ് നിഷേധിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. അതേസമയം, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി വെള്ളിയാഴ്ചയും സമാജ്‌വാദി പാര്‍ട്ടിയെ ലക്ഷ്യമിട്ട് ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഉന്നാവോ ജില്ലയിലെ എസ്പി നേതാവിന്റെ വയലില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് വളരെ സങ്കടകരവും ഗൗരവമുള്ളതുമായ കാര്യമാണ്. അവളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ എസ്പി നേതാവിനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ സംശയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉടന്‍തന്നെ ഇതിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണം. ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം- അവര്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News