ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതെ പോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ പൊക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മടിവാള പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു പോലിസ് കാര്യമായി എടുത്തിട്ടില്ല. അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂരുവില്‍ എത്തിയെന്നും , ആരാണ് ബാഹ്യ സഹായം ചെയ്തത് എന്നുമാണ് പോലിസ് അന്വേഷിക്കുന്നത്.
ഇതിനിടെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സിഡബ്ല്യുസി നിര്‍ദേശം ഒരു വര്‍ഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികള്‍ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതര്‍ ഗുരുതര അലംഭാവം പുലര്‍ത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തല്‍. സുരക്ഷ ഒരുക്കുന്നതിന് തടസ്സം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതര്‍.
ആറ് പെണ്‍കുട്ടികള്‍ ബാലികാമന്ദിരത്തില്‍ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷാ വീഴ്ചയപറ്റി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 17 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ഗേള്‍സ് ഹോമിന് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതില്‍ പലയിടത്തും തകര്‍ന്ന നിലയിലാണ്. അനായാസമായി ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും. ആവശ്യത്തിന് സുരക്ഷാജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാന്‍ വാര്‍ഡര്‍മാരോ ഇല്ല. ജെന്‍ഡര്‍ പാര്‍ക്ക് അടക്കമുള്ള പൊതു ഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. അകത്ത് കയറുന്നവര്‍ എവിടേക്ക് പോകുന്നെന്ന് നിരീക്ഷിക്കാന്‍ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നേരത്തെയും സമാനരീതിയില്‍ കുട്ടികള്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടും അധികാരികള്‍ നിസ്സംഗത പുലര്‍ത്തുകയാണ്.