മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചതില്‍ പ്രതിഷേധം; മിസോറാം ബിജെപി വൈസ് പ്രസിഡന്റ് രാജിവച്ചു

Update: 2023-07-14 09:41 GMT

മിസോറം: രണ്ടുമാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളിലും പള്ളികള്‍ കത്തിച്ചതിലും പ്രതിഷേധിച്ച് മിസോറാമിലെ ബിജെപി നേതാവ് രാജിവച്ചു. ബിജെപി മിസോറാം സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ വന്റാംചുവാംഗയാണ് രാജിവച്ചത്. മണിപ്പൂരിലെ ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിച്ചത് സംസ്ഥാന-കേന്ദ്ര അധികാരികളുടെ പിന്തുണയോടെയാണെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി. ക്രിസ്ത്യാനികളോടു കാണിക്കുന്ന ക്രിമിനല്‍ അനീതിക്കെതിരേ പ്രതിഷേധിക്കുന്നതിനു വേണ്ടിയാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് വന്റാംചുവാംഗ പറഞ്ഞു. മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ 357 ക്രിസ്ത്യന്‍ പള്ളികളും വൈദികരുടെ ക്വാര്‍ട്ടേഴ്‌സുകളും വിവിധ മതസ്ഥാപനങ്ങളുടെ ഓഫിസ് കെട്ടിടങ്ങളും മെയ്തി തീവ്രവാദികള്‍ കത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഇംഫാല്‍ സന്ദര്‍ശന വേളയില്‍ ചര്‍ച്ചുകള്‍ കത്തിച്ചതിന് പിന്നിലെ കുറ്റവാളികളെ അപലപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മിസോറം സംസ്ഥാന പ്രസിഡന്റിന് അയച്ച കത്തില്‍ വന്‍രാംചുവാംഗ ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ പള്ളികള്‍ കത്തിക്കുന്നതിനെ അപലപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പോലും ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വന്റാംചുവാംഗയുടെ രാജി. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ 150ലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മെയ് മൂന്നിന് പട്ടികവര്‍ഗ (എസ്ടി) പദവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' നടത്തിയതിന് ശേഷമാണ് ഇരു സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്ത് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റെ വന്‍ സാന്നിധ്യമുണ്ടായിട്ടും അക്രമങ്ങള്‍ക്ക് ശമനമുണ്ടായിട്ടില്ല.

Tags:    

Similar News