വിവിധ മതങ്ങളുള്ള ഇന്ത്യയെക്കുറിച്ച് മോദിക്ക് വിശാല കാഴ്ചപ്പാടില്ല; ബഹുസ്വരത സംരക്ഷിക്കുന്നതില്‍ സുപ്രിംകോടതി പരാജയമെന്നും അമര്‍ത്യാ സെന്‍
ഭൂരിപക്ഷം ഉപയോഗിച്ച് ഹിന്ദുത്വര്‍ ഇന്ത്യയുടെ മതേതര സ്വഭാവം അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ കോടതികള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: വിവിധ മതങ്ങളും വിവിധ വംശങ്ങളും ഉള്‍കൊള്ളുന്ന ഇന്ത്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'വിശാല കാഴ്ചപ്പാടി'ല്ലെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് പ്രചാരണമാണ് അദ്ദേഹത്തിന്റെ വീക്ഷണത്തെ ചിട്ടപ്പെടുത്തിയത്. അതേസമയം ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ മോദി വലിയ വിജയമാണ്. വന്‍ വ്യവസായികളുടെ പിന്തുണ ആര്‍ജ്ജിക്കാനും അദ്ദേഹത്തിനായി-അമര്‍ത്യ സെന്‍ പറഞ്ഞു.
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ കുറിച്ച് ദി ന്യൂയോര്‍ക്കറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തില്‍ കോടതികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അമര്‍ത്യാസെന്‍ അഴിച്ചുവിട്ടത്. ഹിന്ദുത്വര്‍ ഭൂരിപക്ഷം ഉപയോഗിച്ച് ഇന്ത്യയുടെ മതേതര സ്വഭാവം അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ കോടതികള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ ബഹുസ്വരതയുടെ സംരക്ഷകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിക്ക് കഴിയുന്നില്ല. ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ നിരാശാജനകമാണ്. ഏറ്റവും സമഗ്രമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ കോടതികളുടെ പ്രവര്‍ത്തനം ഉചിതമായ രീതിയിലാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
40 ശതമാനത്തില്‍ താഴെ വോട്ടു ലഭിച്ച മോദിക്ക് വന്‍ ഭൂരിപക്ഷം നേടാന്‍ നേടാന്‍ സാധിച്ചത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരിമിതിയാണ്. ഇന്ത്യയില്‍ 20 കോടിയിലേറെ മുസ്ലിങ്ങളും ഒരു കോടിയോളം ദലിതരും പിന്നെ വലിയൊരു വിഭാഗം ആദിവാസികളുമുണ്ട്. മോദിയെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം ഹിന്ദുക്കളുമുണ്ട്. അതുകൊണ്ട് ഭൂരിപക്ഷം ആളുകളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് കോടതികള്‍ ഒഴിവാക്കിയെന്നതാണ് മോദിയുടെയും അമിത് ഷായുടെയും ഏറ്റവും വലിയ വിജയം. രാജ്യത്ത് ഹിന്ദുത്വ ആശങ്ങള്‍ വിജയിച്ചുവെന്ന് പറയാനാവില്ലെന്നും അമര്‍ത്യാസെന്‍ കൂട്ടിച്ചേര്‍ത്തു.