മോദിയെ നേതാവായി തിരഞ്ഞെടുത്തു; രാത്രി രാഷ്ട്രപതിയെ കാണും

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇന്ന് വൈകിട്ട് നടന്ന ബിജെപി എംപിമാരുടെയും എന്‍ഡിഎ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.

Update: 2019-05-25 12:48 GMT

ന്യൂഡല്‍ഹി: എന്‍ഡിഎ ലോക്‌സഭാ കക്ഷി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മോദിയെ തിരഞ്ഞെടുത്തു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇന്ന് വൈകിട്ട് നടന്ന ബിജെപി എംപിമാരുടെയും എന്‍ഡിഎ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ബിജെപി പ്രസിഡന്റ് അമിത് ഷാ ആണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിങും പിന്താങ്ങി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്നത്തെ യോഗം ഔദ്യോഗിക ചടങ്ങ് മാത്രമാണ്.

ഇന്ന് രാവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും രാഷ്ട്രപതിയെ കണ്ട് പുതിയ എംപിമാരുടെ പട്ടിക കൈമാറിയിരുന്നു.349 അംഗങ്ങളാണ് പതിനേഴാം ലോക്‌സഭയില്‍ എന്‍ഡിഎക്കുള്ളത്. ഇതില്‍ 303 പേരും ബിജെപിയുടെ എംപിമാരാണ്. ഈ മാസം മുപ്പതിന് വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഇതിന് മുമ്പ് നരേന്ദ്രമോദി വാരാണസിയും ഗാന്ധിനഗറും സന്ദര്‍ശിക്കും.

ധനമന്ത്രിയായി അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയല്‍ എത്തിയേക്കും. നിലവില്‍ ഊര്‍ജ, റെയില്‍ വകുപ്പുകളുടെ മന്ത്രിയാണ് പിയൂഷ് ഗോയല്‍. അനാരോഗ്യം കാരണം ജയ്റ്റ്‌ലിക്ക് പിന്നാലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പുതിയ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചന. ഇത്തവണ സുഷമാ സ്വരാജ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുമില്ല.

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സൂചനകളാണ് വരുന്നത്. അങ്ങനെയെങ്കില്‍ ആര് പാര്‍ട്ടിയെ നയിക്കുമെന്ന ചോദ്യവും ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായ നേതാവ് വേണം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാകും. 

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ഇത്തവണയും പ്രധാനപ്പെട്ട വകുപ്പുണ്ടാകും. നിതിന്‍ ഗഡ്കരിക്ക് നല്ല വകുപ്പ് തന്നെ നല്‍കണമെന്ന് ആര്‍എസ്എസ്സിന്റെ നിര്‍ദേശമുണ്ട്. രാഹുല്‍ ഗാന്ധിയെ തറ പറ്റിച്ച സ്മൃതി ഇറാനിക്കും നല്ല വകുപ്പ് തന്നെ കിട്ടും. രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തൊമര്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ക്കും പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും. സഖ്യകക്ഷികളില്‍ നിന്ന് ശിവസേനയ്ക്കും ജെഡിയുവിനും കേന്ദ്രമന്ത്രിപദം കിട്ടിയേക്കും. മഹാരാഷ്ട്രയിലും ബിഹാറിലും പതിനെട്ടും പതിനാറും സീറ്റുകള്‍ നേടിയ സാഹചര്യത്തിലാണിത്.

കൂടുതല്‍ സീറ്റുകള്‍ നേടിയെടുത്ത, പശ്ചിമബംഗാള്‍, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ യുവനേതാക്കള്‍ കേന്ദ്രമന്ത്രിസഭയിലെത്തും.  

Tags:    

Similar News