മോദി സര്‍ക്കാര്‍ മാധ്യമങ്ങളിലെ പരസ്യത്തിനായി മൂന്നരവര്‍ഷം കൊണ്ട് ചെലവിട്ടത് 900 കോടി
ന്യൂഡല്‍ഹി: പരസ്യങ്ങള്‍ക്കായി കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ 911.17 കോടി രൂപ ചെലവഴിച്ചതായി രേഖകള്‍. പത്രം, ടെലിവിഷന്‍ ചാനലുകള്‍, വെബ് പോര്‍ട്ടല്‍ തുടങ്ങിയ മാധ്യമങ്ങളിലുടെ പരസ്യം നല്‍കിയതിനാണ് ഇത്രയും തുക ചെലവഴിച്ചത്. 2019-20 വര്‍ഷം മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത് പത്രങ്ങളിലെ പരസ്യങ്ങള്‍ക്കാണ്. വിവിധ പത്രങ്ങള്‍ക്ക് മൂന്നരവര്‍ഷത്തിനിടെ പരസ്യത്തിനായി 700 കോടി രൂപ നല്‍കിയപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും വെബ് പോര്‍ട്ടലുകള്‍ക്കും നല്‍കിയത് 200 കോടിയോളം രൂപയാണ്.
രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ് സിങ്ങിന്റെ നക്ഷത്ര ചിഹ്‌നമിടാത്ത ചോദ്യത്തിന് മറുപടിയായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ നല്‍കിയത്. 2019-20ല്‍ 5,326 പത്രങ്ങളിലെ പരസ്യങ്ങള്‍ക്കായി 295.05 കോടിയും 2020- 21ല്‍ 5,210 പത്രങ്ങളിലായി 197.49 കോടിയും 2021-22ല്‍ 6,224 പത്രങ്ങളില്‍ 179.04 കോടിയും 2022-23ല്‍ 1,529 പത്രങ്ങളില്‍ 19.25 കോടി രൂപയും ചെലവിട്ടു. ഇതേ കാലയളവില്‍ 2019-20ല്‍ 270 ടെലിവിഷന്‍ (ടിവി) ചാനലുകളിലെ പരസ്യങ്ങള്‍ക്കായി 98.69 കോടി രൂപയും 2020-21ല്‍ 318 ടിവി ചാനലുകളിലായി 69.81 കോടിയും 2021-22ല്‍ 265 വാര്‍ത്താചാനലുകളിലായി 29.3 കോടിയും 2022-23ല്‍ (ജൂണ്‍ വരെ) 99 ടിവി ചാനലുകളിലായി 1.96 കോടി രൂപയും ചെലവിട്ടതായി താക്കൂര്‍ പറഞ്ഞു.
2019 മുതല്‍ ഡിജിറ്റല്‍ മീഡിയയില്‍ പരസ്യങ്ങള്‍ക്കായി 20.58 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത്. 2019-20ല്‍ 54 വെബ്‌സൈറ്റുകള്‍ക്കായി 9.35 കോടി രൂപയും 2020-21ല്‍ 72 വെബ്‌സൈറ്റുകള്‍ക്കായി 7.43 കോടി രൂപയും 2021-22ല്‍ 18 വെബ്‌സൈറ്റുകള്‍ക്കായി 1.83 കോടി രൂപയും 2022-23 (ജൂണ്‍ 2022 വരെ) 30 വെബ്‌സൈറ്റുകള്‍ക്കായി 1.97 കോടി രൂപയും ചെലവഴിച്ചതായി അനുരാഗ് സിങ് താക്കൂര്‍ അറിയിച്ചു. പണം നല്‍കിയ ടിവി ചാനലുകള്‍, പത്രങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ പട്ടിക ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയില്‍ ലഭ്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.