കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ വസതിയില്‍ ഇഡി റെയ്ഡ്

2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍

Update: 2022-06-06 04:24 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.മന്ത്രിയുടെ വീട്ടിലും മറ്റ് ഇടങ്ങളിലും സമാന്തരമായാണ് റെയ്ഡുകള്‍ നടന്നത്.

മേയ് 30നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സത്യേന്ദര്‍ ജയിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 2017ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ബിജെപിയും തമ്മില്‍ വലിയ രാഷ്ട്രീയപ്പോരിന് ഈ അറസ്റ്റ് വഴി വച്ചിരുന്നു. കേസ് തീര്‍ത്തും രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.

2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയില്‍ ഭൂമി വാങ്ങിയതായും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. 2017ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു.

മേയ് 31ന് സത്യേന്ദ്ര ജെയിനെ ഇ ഡി ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇ ഡിക്ക് വേണ്ടി ഹാജരായത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരിട്ടാണ്. അനധികൃതമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃതമായി മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറിയെന്നും അതുകൊണ്ടാണ് അറസ്റ്റിലേക്ക് കടന്നതെന്നും ഇ ഡി കോടതിയെ അറിയിച്ചു.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ മന്ത്രിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രി ഉടമസ്ഥനല്ലാത്ത കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ കിട്ടാന്‍ കസ്റ്റഡിയില്‍ വിട്ട് നല്‍കരുതെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇഡിയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ജൂണ്‍ 9 വരെ മന്ത്രി ഇഡി കസ്റ്റഡിയില്‍ തുടരും.

Tags:    

Similar News