അനധികൃത സ്വത്ത് സമ്പാദനകേസ്: റോബര്‍ട്ട് വദ്ര ഇഡി മുമ്പാകെ ഹാജരായി

വദ്രയ്ക്കുനേരെയുള്ള ആരോപണം തള്ളിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്റെ കുടുംബത്തിനൊപ്പമെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്.

Update: 2019-02-06 12:37 GMT

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. ഭാര്യ പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് വദ്ര എത്തിയത്. എതാനും മിനിറ്റുകള്‍ക്കുശേഷം പ്രിയങ്ക അവിടെനിന്നും മടങ്ങിപ്പോയി.

ലണ്ടനില്‍ 1.9 ദശലക്ഷം പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസില്‍ വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹിയിലെ പാട്യാല കോടതിയാണ് വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് വദ്ര ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ വദ്ര നേരത്തെ തന്നെ നിഷേധിച്ചിരുന്നു. തനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തിരിക്കുന്നതെന്നാണ് വദ്ര പറഞ്ഞത്. റോബര്‍ട്ട് വദ്രയക്ക് ലണ്ടനില്‍ നിരവധി വസ്തു വകകളുണ്ടെന്നും 6 ഫഌറ്റുകളുമുണ്ടെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. അതേസമയം, വദ്രയ്ക്കുനേരെയുള്ള ആരോപണം തള്ളിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്റെ കുടുംബത്തിനൊപ്പമെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്.

Tags:    

Similar News