മങ്കി പോക്‌സ്: കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു
ഡൽഹിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ മങ്കിപോക്‌സ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ യോഗം ആരംഭിച്ചു. കേരളത്തിന് പുറമേ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മങ്കി പോക്‌സ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്.
ഡൽഹിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്. കേരളത്തിൽ രോഗബാധയുണ്ടായ സാഹചര്യത്തിൽ നൽകിയ നിർദ്ദേശങ്ങൾ രാജ്യത്താകെ കർശമായി നടപ്പാക്കിയേക്കും. രോഗബാധ കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും. കേരളത്തില്‍ മൂന്നുപേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇതുവരെയായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. 70 ശതമാനം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.