കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് പോക്‌സോ കേസില്‍ ജീവപര്യന്തം തടവും പിഴയും. ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് എറണാകുളം ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ കേസിലെ അഞ്ചാംവകുപ്പും ഐ പി സി 370, 376 വകുപ്പുകള്‍ പ്രകാരവവുമാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പിഴയും ഈടാക്കിയിട്ടുണ്ട്. പോക്‌സോ ആക്ട് അഞ്ച് പ്രകാരം അഞ്ച് ലക്ഷം രൂപ പിഴ നല്‍കണം. തുക കെട്ടിവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. ഇത്തരത്തില്‍ എല്ലാ വകുപ്പുകളിലും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2019 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ തുടര്‍പഠനത്തിന് സഹായിക്കാമെന്നു പറഞ്ഞ് മോന്‍സന്റെ എറണാകുളത്തെ വീട്ടിലെത്തിച്ച് താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ മോന്‍സനെതിരായ പത്ത് കുറ്റങ്ങളിലാണ് ശനിയാഴ്ച കോടതി ശിക്ഷ വിധിച്ചത്. പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്‌സോ പരാതിയുമായി ജീവനക്കാരിയും രംഗത്തെത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരേ മറ്റൊരു ബലാത്സംഗകേസും നിലവിലുണ്ട്. മോന്‍സനെതിരേയുള്ള പതിനാറു കേസുകളില്‍ ആദ്യത്തെ വിധിയാണിത്. ക്രെംബ്രാഞ്ച് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിച്ചത്.