നാല്‍പ്പതിലേറെ വെട്ടുകള്‍; വയറിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്; ഷാനിന്റെ മൃതദേഹം ആലപ്പുഴയിലേക്ക്
കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോവുന്നത്.
കൊച്ചി: ആലപ്പുഴയില്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘം വാഹനമിടിച്ചു വീഴ്ത്തി ക്രൂരമായി വെട്ടിക്കൊന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിന് ശേഷം ആലപ്പുഴയിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടുപോവുകയാണ്.
കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോവുന്നത്.
ഷാനിന്റെ ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇതില്‍ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിലും കാലിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമൊക്കെ മുറിവേറ്റ നിലയിലായിരുന്നു ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള പോലിസ് സംഘത്തിന്റെ അടക്കം സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പോലിസിന്റെ ആവശ്യാര്‍ഥമാണ് പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരിയിലേക്ക് മാറ്റിയത്.
ഞായറാഴ്ച കാലത്ത് പത്ത് മണിയോട് കൂടിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഷാനിന്റെ മൃതദേഹം എത്തിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നത്. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുന്നുണ്ട്.
ഇന്ന് തന്നെ ഷാനിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജന്മനാടായ ആലപ്പുഴയിയിയില്‍ നടക്കും.ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. സ്‌കൂട്ടിയില്‍ തനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാനിനെ കാറില്‍ പിന്തുടര്‍ന്ന സംഘം വിജനമായ വഴിയില്‍ വച്ച് കാറിടിച്ച് വീഴ്ത്തി മാരകായുധങ്ങളുപയോഗിച്ച് തുടരെ തുടരെ വെട്ടുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം.