ഓടുന്ന ബസ്സിലേക്ക് ഇരുമ്പ് പൈപ്പ് തുളച്ചുകയറി; കഴുത്ത് മുറിഞ്ഞ് യുവതിയും തലതകര്‍ന്ന് യുവാവും മരിച്ചു, 13 പേര്‍ക്ക് ഗുരുതര പരിക്ക്
ചൊവ്വാഴ്ച വൈകീട്ട് പാലി ജില്ലയിലെ സാന്‍ഡെറാവു പോലിസ് സ്‌റ്റേഷന്‍ ഹൈവേയ്ക്ക് സമീപമാണ് ദുരന്തമുണ്ടായത്.
ജയ്പൂര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിലൂടെ 80 അടി നീളമുള്ള ഇരുമ്പ് പൈപ്പ് തുളച്ചുകയറി ഒരു യുവതിയും യുവാവും മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ട് പാലി ജില്ലയിലെ സാന്‍ഡെറാവു പോലിസ് സ്‌റ്റേഷന്‍ ഹൈവേയ്ക്ക് സമീപമാണ് ദുരന്തമുണ്ടായത്.
ബസ്സിലൂടെ തുളച്ചുകയറിയ ഇരുമ്പ് ദണ്ഡ് സ്ത്രീയുടെ കഴുത്ത് മുറിക്കുകയും യുവാവിന്റെ തലകര്‍ക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.
മേഖലയില്‍ സ്ഥാപിക്കുന്ന ഗ്യാസ് പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ഇരുമ്പ് പൈപ്പാണ് അപകടം വരുത്തിയത്. ഹൈഡ്രോളിക് മിഷീനില്‍ കുരുക്കി വായുവില്‍ തൂക്കിയിട്ടിരിരിക്കുകയായിരുന്നു ഇരുമ്പ് പൈപ്പ്. റോഡ് മുറിച്ചുകടക്കുന്ന കാളകളെ രക്ഷിക്കുന്നതിനായി എഞ്ചിന്‍ ഡ്രൈവര്‍ പൈപ്പ് താഴേക്കിട്ടതോടെയാണ് അപകടമുണ്ടായതെന്ന്് കമ്പനി മാനേജര്‍ പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ അശ്രദ്ധയും സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും കാരണം ആറ് ദിവസം മുമ്പ് പോലിസ് ജെസിബിയും ട്രാക്ടറും പിടിച്ചെടുത്തിരുന്നു. കമ്പനിയുടെ മാനേജരെ വിളിച്ച് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.