മോദിയുടെ സന്ദര്‍ശനം; മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശി യുപി സര്‍ക്കാര്‍
മുസ്‌ലിം സമുദായാംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പള്ളിക്ക് വീണ്ടും വെള്ള നിറം പൂശുകയും ചെയ്തിട്ടുണ്ട്. മസ്ജിദ് കമ്മിറ്റി പാനല്‍ അംഗം മുഹമ്മദ് ഇജാസ് ഇസ്‌ലാഹിയാണ് അധികാരികള്‍ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്.
ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പള്ളിക്ക് അധികൃതര്‍ കാവി നിറം പൂശിയതായി റിപോര്‍ട്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡില്‍ ബുലനാല പ്രദേശത്ത് സ്ഥിതിചെയ്യുന്ന അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദിനാണ് കാവി നിറം പൂശിയത്. മുസ്‌ലിം സമുദായാംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പള്ളിക്ക് വീണ്ടും വെള്ള നിറം പൂശുകയും ചെയ്തിട്ടുണ്ട്. മസ്ജിദ് കമ്മിറ്റി പാനല്‍ അംഗം മുഹമ്മദ് ഇജാസ് ഇസ്‌ലാഹിയാണ് അധികാരികള്‍ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. മസ്ജിദ് കമ്മിറ്റിയുമായി കൂടിയാലോചിക്കാതെയാണ് പള്ളിക്ക് കാവി ചായം പൂശിയത് അദ്ദേഹം പറഞ്ഞു.
പള്ളിക്ക് ആദ്യം വെള്ള നിറമായിരുന്നു. അതില്‍ കാവി ചായം പൂശിയതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കാശി വിശ്വനാഥ ക്ഷേത്ര ഓഫിസിനെ എതിര്‍പ്പ് അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ എതിര്‍പ്പ് ഉന്നയിക്കാനും ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട്, ഭരണകൂടം തങ്ങളുടെ എതിര്‍പ്പ് മനസ്സിലാക്കി പള്ളിക്ക് വെള്ള ചായം പൂശുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിലെ എല്ലാ കെട്ടിടത്തിനും ഏകീകൃത നിറമായി കാവി നിറം നല്‍കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
വാരാണസി ഡെവലപ്‌മെന്റ് അതോറിറ്റി (വിഡിഎ) സെക്രട്ടറിയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സുനില്‍ വര്‍മയാണ് ക്ഷേത്രത്തിലേക്കുള്ള റോഡിലെ കെട്ടിടങ്ങള്‍ക്ക് ഏകീകൃത നിറം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 'ഇളം പിങ്ക്' നിറമുള്ള മണല്‍ക്കല്ലിലാണ് ഈ പ്രദേശത്തെ മിക്ക കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുന്നത്. പ്രദേശത്തെ കെട്ടിടങ്ങള്‍ ഈ തീം ഉപയോഗിച്ചാണ് പെയിന്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതായാണ് റിപോര്‍ട്ടുകള്‍. ഈ മാസം 13നാണ് നരേന്ദ്രമോദി വാരാണസി സന്ദര്‍ശിക്കുന്നത്.