ഇന്ത്യ ഭരിക്കുന്നത് ലോകം കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാര്‍: പ്രശാന്ത് ഭൂഷണ്‍

യുഎപിഎയുടെ ഭരണഘടന സാധുത സുപ്രിംകോടതി പരിശോധിക്കണം. തികച്ചും ഭരണഘടന വിരുദ്ധമാണ് ഈ നിയമമെന്നാണ് തന്റെ കാഴ്ചപ്പാട്.

Update: 2020-09-05 09:32 GMT

ന്യൂഡല്‍ഹി: രാജ്യം കണ്ടതില്‍ വച്ച്, ഒരുപക്ഷേ ലോകം കണ്ടതില്‍ വച്ച് ഏറ്റവും മോശം സര്‍ക്കാരാണ് ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നതെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. 'ദി ക്വിന്റി'നു നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ കേന്ദ്രസര്‍ക്കാരിനെ ആഞ്ഞടിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തം പ്രചരിപ്പിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ലെന്ന് പ്രചരിപ്പിക്കുന്നു. ഗണപതിയുടെ തുമ്പിക്കെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വികസിപ്പിച്ചെന്നു പറയുന്നു. 'ഗോ കൊറോണ ഗോ' എന്നുപറഞ്ഞാല്‍ കൊറോണ പോവുമെന്ന് മന്ത്രിമാര്‍ പ്രചരിപ്പിക്കുന്നു. ഇതെല്ലാം സമൂഹത്തിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

    കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴയടയ്ക്കുമെന്നും ജയിലില്‍ പോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി ജയില്‍ ശിക്ഷയാണ് വിധിച്ചിരുന്നെങ്കില്‍ ജയിലില്‍പോവും. എന്നാല്‍ ഒരു രൂപ പിഴയടക്കാനാണ് വിധിച്ചത്. അതിനാല്‍ പിഴയടയ്ക്കും. സുപ്രിംകോടതിയില്‍ പ്രതീക്ഷ നശിച്ചിട്ടില്ല. മാറ്റമുണ്ടാവുമെന്ന വിശ്വാസത്തിലാണ് വിമര്‍ശനം. പ്രതീക്ഷ നശിക്കരുത്. സമൂഹത്തിലെ കാര്യങ്ങള്‍ നോക്കിക്കാണുമ്പോള്‍ നിഷ്‌കളങ്കതയുടെ മുഖം അണിയാനാവില്ല. നാം നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കണം. പ്രധാനമായും യുവജനങ്ങളും യുവ അഭിഭാഷകരും ഈ വ്യവസ്ഥിതിയോട് താല്‍പര്യം പുലര്‍ത്തുന്നവരുമാണ് പരിശ്രമിച്ചു കൊണ്ടേയിരിക്കേണ്ടത്. സുപ്രിംകോടതി വിവാദത്തില്‍ ചില കുടുംബാംംഗങ്ങള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. ജയിലിലടയ്ക്കുമെന്നതു തന്നെയാണ് പ്രധാന ആശങ്ക. എന്നാല്‍ പിതാവിനോ, എനിക്കോ യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. പലരും ജയിലില്‍ പോവുന്നുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മുത്തച്ഛന്‍മാര്‍ വര്‍ഷങ്ങളായി ജയിലില്‍ കിടന്നു. ഭീമാ കൊറേഗാവ് കേസില്‍ രണ്ടുമൂന്നു വര്‍ഷമായി നിരവധിപേര്‍ ജയിലിലാണ്. ഒരുപക്ഷേ എനിക്ക് ആറുമാസം തടവ് വിധിച്ചിരുന്നെങ്കില്‍ ഏറ്റവും ഫലപ്രദമായി ആ സമയം ഞാന്‍ വിനിയോഗിക്കുമായിരുന്നു. വായനക്കായി കൂടുതല്‍ സമയം കണ്ടെത്തും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയേനെ. ജയലിലെ അവസ്ഥ മനസ്സിലാക്കും. അവിടെ നിരവധി പേരെ കണ്ടുമുട്ടും. ഏതു തരത്തിലുള്ളവരാണെന്ന് മനസ്സിലാക്കും. ഒരുപക്ഷേ, തന്നെ ജയലില്‍ അടച്ചാല്‍ ഇതില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കാമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

    യുഎപിഎയുടെ ഭരണഘടന സാധുത സുപ്രിംകോടതി പരിശോധിക്കണം. തികച്ചും ഭരണഘടന വിരുദ്ധമാണ് ഈ നിയമമെന്നാണ് തന്റെ കാഴ്ചപ്പാട്. എന്നാല്‍ എല്ലാവരും ധരിക്കുന്നത് ഭരണഘടനയ്ക്ക് അനുകൂലമാണെന്നാണ്. യുഎപിഎ സംബന്ധിച്ച വിധികള്‍ സുപ്രിംകോടതി പുനപരിശോധിക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

'Most Evil Govt Ever Seen!': Bhushan on State, Judiciary & Hope





Tags:    

Similar News