യുഎപിഎ ഭേദഗതി ഭരണഘടനാ വിരുദ്ധം; പൗരത്വ ഭേദഗതി ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആദ്യപടി: പ്രശാന്ത് ഭൂഷണ്‍
നിലവിലെ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി കഴിഞ്ഞാൽ സ്വയം തെളിവുകൾ കണ്ടെത്തി നിരപരാധി ആണെന്ന് തെളിയിച്ചാൽ മാത്രമേ പുറത്തു വരാൻ കഴിയൂ.
കൊച്ചി: വ്യക്തികളെ പോലും തീവ്രവാദികളായി മുദ്രകുത്തി തടവിലാക്കാന്‍ കഴിയുന്നതാണ് പുതിയ യുഎപിഎ ഭേദഗതിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. യുഎപിഎയും എന്‍എസ്എയും ഭരണ ഘടനാ വിരുദ്ധമാണ്. അത് പുനപ്പരിശോധിക്കണം. പൗരത്വ ഭേദഗതി നിയമം പല കാരണങ്ങൾ കൊണ്ടും ഭരണഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി കഴിഞ്ഞാൽ സ്വയം തെളിവുകൾ കണ്ടെത്തി നിരപരാധി ആണെന്ന് തെളിയിച്ചാൽ മാത്രമേ പുറത്തു വരാൻ കഴിയൂ. ആയിരക്കണക്കിന് ആളുകൾ ഇത്തരത്തിൽ വര്‍ഷങ്ങളായി ജയിലിൽ കഴിയുന്നു. ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള ബിജെപിയുടെ ആദ്യ പടിയാണ് പൗരത്വ നിയമ ഭേദഗതി . മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
പുതുവൈപ്പിനിൽ 144 പ്രഖ്യാപിച്ച നടപടി നിയമ വിരുദ്ധമാണ്. അവിടുത്തെ ആളുകൾ സമാധാന പരമായ സമരം ആണ് നടത്തുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പീപ്പിള്‍ യുനൈറ്റഡ് എഗെയിൻസ്റ്റ് യുഎപിഎ സംഘടിപ്പിച്ച യുഎപിഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. അലനെയും താഹയെയും വിട്ടയക്കണമെന്നും യുഎപിഎ നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമ്മേളനം.