അച്ഛന്‍ ഉപേക്ഷിച്ച് കടന്നതിനു പിന്നാലെ പിഞ്ച് കുഞ്ഞുങ്ങളെ വാടക വീട്ടില്‍ പൂട്ടിയിട്ട് അമ്മയും മുങ്ങി; വിശന്ന് വലഞ്ഞ് കുഞ്ഞുങ്ങള്‍ കഴിഞ്ഞത് ഒരു ദിവസം

ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഭയന്നു വിറച്ച് കഴിഞ്ഞ കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയാണ് ഇവര്‍ക്ക് രക്ഷകനായത്.കോഴിക്കോട് രാമനാട്ടുകര നിസരി ജങ്ഷനു സമീപമാണ് സംഭവം.

Update: 2019-04-20 11:13 GMT

കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളെ വീടിനകത്ത് പൂട്ടിയിട്ട് ഇതര സംസ്ഥാനക്കാരിയായ മാതാവ് മുങ്ങി.അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീട്ടില്‍ പൂട്ടിയിട്ട ശേഷമാണ് അമ്മ കടന്നുകളഞ്ഞത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഭയന്നു വിറച്ച് കഴിഞ്ഞ കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയാണ് ഇവര്‍ക്ക് രക്ഷകനായത്.കോഴിക്കോട് രാമനാട്ടുകര നിസരി ജങ്ഷനു സമീപമാണ് സംഭവം.

കര്‍ണാടക സ്വദേശിനിയായ യുവതി, തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ആറുമാസമായി ഇവിടെ വാടക വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഒരാഴ്ച മുമ്പ് വീട് വിട്ട് പോയിരുന്നു. കഴിഞ്ഞ ദിവസം 12 മണിയോടെ കുട്ടികളെ വീടിനകത്തിട്ട് വീട് പൂട്ടി മാതാവും കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ കുഞ്ഞുങ്ങളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസിയാണ് സംഭവം പുറത്തെത്തിച്ചത്. തുടര്‍ന്ന് പോലിസിലും വിവരമറിയിക്കുകയായിരുന്നു.

തട്ടുകട വ്യാപാരിയായ അയല്‍വാസി കച്ചവടം കഴിഞ്ഞെത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കരച്ചില്‍ ശ്രദ്ധിയില്‍പെട്ടത്. തുടര്‍ന്ന് അയല്‍വാസിയും രാമനാട്ടുകര ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ഹസ്സന്‍ മാനുവിന്റെ ശ്രദ്ധയില്‍പെടുത്തുകയും അദ്ദേഹം ഉടന്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയും ഫറോക്ക് പോലിസില്‍ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലിസെത്തി കുട്ടികളെ കോഴിക്കോട് കോടതിക്ക് സമീപമുള്ള ശിശു സംരക്ഷണകേന്ദ്രമായ സെന്റ് വിന്‍സന്റ് ഹോമില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ വീട്ടിനകത്ത് പൂട്ടിയിട്ട് പോയ രക്ഷിതാക്കള്‍ക്കെതിരേ പോലിസ് ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു.

Tags:    

Similar News