സര്‍ക്കാര്‍ ഓഫിസുകളുടെ ശുചീകരണത്തിന് പശു മൂത്ര ഫിനോയില്‍ മാത്രം ഉപയോഗിക്കണമെന്ന് മധ്യപ്രദേശ്

Update: 2021-02-01 17:13 GMT

ഭോപ്പാല്‍: സര്‍ക്കാര്‍ ഓഫിസുകളുടെ ശുചീകരണത്തിന് പശു മൂത്രം വഴി തയ്യാറാക്കുന്ന ഫിനോയില്‍ മാത്രം ഉപയോഗിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. പൊതുഭരണ വകുപ്പാണ് ഇത്തരമൊരു ഉത്തരവിറക്കിയത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം പശു മൂത്രത്തില്‍ നിന്ന് നിര്‍മിക്കുന്ന ഫിനോയില്‍ ഓഫിസുകളുടെ ശുചീകരണത്തിന് ഉപയോഗിക്കണമെന്നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പശു മൂത്രത്തില്‍ നിന്നുള്ള ഫിനോയില്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന 'പശു മന്ത്രിസഭ' യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്റുകളും ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു മൃഗസംരക്ഷണ മന്ത്രി പ്രേംസിങ് പട്ടേലിന്റെ വാദം.

    പശു മൂത്രം ഉപയോഗിച്ചുള്ള ഫിനോയില്‍ ഉല്‍പാദനം തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യക്കാരേറെയാണ്. ഇനി കറവ വറ്റിയ പശുക്കളെ ആരും തെരുവില്‍ ഉപേക്ഷിക്കില്ല. ഇത് സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥയ്ക്ക് നല്ല മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഫിനോയില്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോല്‍സാഹിപ്പക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. രാജ്യത്ത് തന്നെ ആദ്യമായി 'പശു മന്ത്രിസഭ' രൂപീകരിച്ചത് മധ്യപ്രദേശിലാണ്.

MP Decides to Clean Govt Offices with Bovine Urine Phenyl Only; Orders Issued


Tags:    

Similar News