മതത്തിന്റെ മാനവിക സന്ദേശമാണ് ലോകത്തെ ഒന്നിപ്പിക്കേണ്ടത്: ഷെയ്ഖ് സല്‍മാന്‍ ഹുസയ്‌നി അന്നദ് വി
കരിപ്പൂര്‍: മതത്തിന്റെ മാനവിക സന്ദേശമാണ് ലോകത്തെ ഒന്നിപ്പിക്കേണ്ടതെന്ന് ഷെയ്ഖ് സല്‍മാന്‍ ഹുസയ്‌നി അന്നദ് വി. മുജാഹിദ് പത്താം സമ്മേളനത്തിലെ പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വംശീയതക്ക് അതീതമായ മനുഷ്യ മനസ്സാക്ഷി രൂപപ്പെടുത്തേണ്ടത് രാജ്യത്തിന്റെ സാമൂഹിക ഭദ്രതയ്ക്ക് അനിവാര്യതയാണ്. കേരളത്തിലേത് പോലെ ഡല്‍ഹിയിലും ലഖ്‌നൗവിലും മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന മഹാസംഗമങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്്. ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന വിശ്വമാനവികത കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മത സൗഹാര്‍ദം, ദേശീയ ബോധം, വിശ്വാസം, സംസ്‌കാരം, സാമൂഹിക, സാമ്പത്തിക ക്രമങ്ങള്‍, കുടുംബ ഭദ്രത തുടങ്ങി ഖുര്‍ആന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങളും നിയമങ്ങളുമെല്ലാം എല്ലാ കാലത്തും പ്രസക്തമായവയാണ്. ഖുര്‍ആനിന്റെ വെളിച്ചവും വൈജ്ഞാനിക മുന്നേറ്റവും ജീവിതത്തില്‍ പകര്‍ത്തണം. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാമുളള പരിഹാരം പ്രവാചക ജീവിത മാതൃകയിലുണ്ട്. പ്രവാചകന്റെ കാലഘട്ടങ്ങളില്‍ മറ്റ് മതങ്ങളോട് കാണിച്ച സൗഹാര്‍ദവും സഹകരണവുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നത്തെ കാലിക സാഹചര്യത്തില്‍ പരസ്പരാശ്രയത്തിലൂടെയുള്ള സ്‌നേഹത്തിന്റെയും തലോടലിന്റേയും പവാചക ചര്യയാണ് ആവശ്യം. സമൂഹത്തിലെ ദുര്‍ബലരെ തിരിച്ചറിഞ്ഞ് പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനും കൂടെ നില്‍ക്കുന്നതിനും തയ്യാറാവണം. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഇതിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.