റിലയന്‍സ് ലോകത്തെ രണ്ടാമത്തെ വലിയ ഊര്‍ജ്ജ കമ്പനിയായി; തൊട്ടു മുന്നിലുള്ളത് സൗദി ആരാംകോ മാത്രം
വിപണിമൂല്യം 43.ശതമാനം ഉയര്‍ന്ന് 189 ബില്യണ്‍ ഡോളറായതോടെ എക്‌സോണ്‍ മൊബീലിനെ പിന്നിലാക്കിയാണ് ഊര്‍ജ്ജമേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള സൗദി ആരാംകോയുടെ തൊട്ടുപിറകിലെത്തിയത്.
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തെ രണ്ടാമത്തെ വലിയ ഊര്‍ജ്ജ കമ്പനിയായി. വിപണിമൂല്യം 43.ശതമാനം ഉയര്‍ന്ന് 189 ബില്യണ്‍ ഡോളറായതോടെ എക്‌സോണ്‍ മൊബീലിനെ പിന്നിലാക്കിയാണ് ഊര്‍ജ്ജമേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള സൗദി ആരാംകോയുടെ തൊട്ടുപിറകിലെത്തിയത്.
മൂല്യത്തില്‍ 100 കോടി ഡോളറോളം എക്‌സോണ്‍ മൊബീലിന് അടുത്തിടെ നഷ്ടമായിരുന്നു.കമ്പനിയുടെ വിപണിമൂല്യം 184.7 ബില്യണ്‍ ഡോളറാണ്. ഒന്നാംസ്ഥാനത്തുള്ള സൗദി ആരാംകോയുടെ വിപണി മൂലധനമാകട്ടെ 1.75 ലക്ഷംകോടി രൂപയുമാണ്. ഈവര്‍ഷം റിലയന്‍സിന്റെ ഓഹരി വിലയില്‍ 46ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ആഗോള വ്യാപകമായുണ്ടായ ഊര്‍ജ്ജ ആവശ്യകതയിലുണ്ടായ കുറവ് എക്‌സോണിനെ ബാധിച്ചു. അവരുടെ ഓഹരി വില 39 ശതമാനമാണ് കുറഞ്ഞത്.
മാര്‍ച്ച് 23ന് റിലയന്‍സിന്റെ ഓഹരി വില 867 എന്ന താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. അപ്പോള്‍ വിപണിമൂല്യമാകട്ടെ 5.5 ലക്ഷം കോടിയുമായിരുന്നു. നാലുമാസംകൊണ്ട് നിക്ഷേപകരുടെ ആസ്തിയില്‍ 115.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് കമ്പനി സമ്മാനിച്ചത്. ലോകത്താദ്യമായാണ് ഒരുകമ്പനി ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകരുടെ ആസ്തിയില്‍ ഇത്രയും മൂല്യവര്‍ധന നല്‍കുന്നത്.
ജിയോ പ്ലാറ്റ് ഫോമിലൂടെ വന്‍തോതില്‍ വിദേശനിക്ഷേപം സ്വീകരിച്ചതും അവകാശ ഓഹരിയിറക്കിയതുമാണ് റിലയന്‍സിന് ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കിയത്. 2,12,809 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്.