കൊല്ലം: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് രാജിവച്ചേക്കും. സിപിഎം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ എതിര്‍പ്പുയര്‍ന്നതും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുന്നുണ്ടെന്ന വിലയിരുത്തലുകളും കാരണം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നാണ് സൂചന. അതേസമയം, മുകേഷിനോട് എംഎല്‍എ പദവി ഒഴിയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ എംഎല്‍എയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പരാതികള്‍ അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്ന് ഏതാനും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാനനേതൃത്വത്തെ അറിയിക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സിനിമാതാരം എന്നനിലയിലുള്ള ആരോപണത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. ഇത്തരം ആരോപണങ്ങളുടെപേരില്‍ പ്രതിപക്ഷ എംഎല്‍എമാരൊന്നും രാജിവച്ചിട്ടില്ല. എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ പാര്‍ട്ടി തീരുമാനിച്ച് മാത്രം തിരികെക്കൊണ്ടുവരാനാവില്ലെന്നാണ് വിലയിരുത്തല്‍.