മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; വീടുകളില്‍ വെള്ളംകയറി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രാത്രി വന്‍ തോതില്‍ വെള്ളം തുറന്നുവിട്ടതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. വള്ളക്കടവില്‍ പോലിസിന് നേരെയും റവന്യു ഉദ്യോഗസ്ഥന്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി.
അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ തമിഴ്‌നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടര്‍ അടച്ചാണ് വെള്ളത്തിന്റെ അളവില്‍ തമിഴ്‌നാട് കുറവ് വരുത്തിയത്. മൂന്ന് ഷട്ടറുകള്‍ അടച്ചതോടെ തുറന്നു വിടുന്ന 8000 ഘനയടി ആയിരുന്നു.
നേരത്തെ ജലനിരപ്പ് ഉയര്‍ന്നതോടെ രാത്രിയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്‌നാട് കൂടുതല്‍ ഉയര്‍ത്തിയിരുന്നു. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.