മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും

ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂര്‍ത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്നത് അടക്കമുള്ള വാദങ്ങളാണ് കേരളം ഉയര്‍ത്തുന്നത്.

Update: 2022-03-24 00:36 GMT

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും. ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂര്‍ത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്നത് അടക്കമുള്ള വാദങ്ങളാണ് കേരളം ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കണമെന്നും കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, അന്താരാഷ്ട്ര വിദ്ഗധര്‍ ഉള്‍പ്പെടുന്ന സംഘത്തെ സുരക്ഷ പരിശോധനക്കായി നിയോഗിക്കേണ്ടതില്ലെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി തമിഴ്‌നാട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തര്‍ക്കമെന്നും കേരളം സുപ്രിം കോടതിയെ അറിയിച്ചു.

മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയില്‍ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇതിന് പിന്നാലെയാണ് മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും കേരളം ഉയര്‍ത്തുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പഠനം ആവശ്യമില്ലെന്ന് തമിഴ്‌നാട് ഇന്ന് കോടിയില്‍ വാദിച്ചു. കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സത്യവാങ്മൂലവും നല്‍കി. അണക്കെട്ടിന്റെ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നല്‍കിയ അപേക്ഷയും സുപ്രീംകോടതിക്ക് മുന്‍പില്‍ ഉണ്ട്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Tags:    

Similar News