മുംബൈ മുന്‍ പോലിസ് മേധാവി അജ്മല്‍ കസബിന്റെ ഫോണ്‍ നശിപ്പിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍
കസബില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും കാംബ്ലി എന്നു പേരുള്ള ഒരു കോണ്‍സ്റ്റബിളിന് ഇതു കൈമാറിയതായും ഡിബി മാര്‍ഗ് പോലിസ് സ്‌റ്റേഷനിലെ അന്നത്തെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ മാലി തന്നെ അറിയിച്ചിരുന്നതായി പത്താന്‍ പരാതിയില്‍ പറയുന്നു.
മുംബൈ: 26/11 ആക്രമണക്കേസിലെ പ്രതി മുഹമ്മദ് അജ്മല്‍ കസബില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് നശിപ്പിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി വിരമിച്ച അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സംഷേര്‍ ഖാന്‍ പത്താന്‍.
പത്താന്‍ ജൂലൈയില്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ച് സിങ്ങിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പത്താന്റെ പരാതി നാല് മാസം മുമ്പാണ് സമര്‍പ്പിച്ചതെങ്കിലും, ഗോരേഗാവ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കവര്‍ച്ച കേസില്‍ മൊഴി രേഖപ്പെടുത്താന്‍ സിംഗ് മുംബൈ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചത്.ഈ വര്‍ഷം മാര്‍ച്ചില്‍ സിങ്ങിനെ മുംബൈ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ ഹേമന്ത് നഗ്രാലെയെ നിയമിച്ചിരുന്നു.
കസബില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും കാംബ്ലി എന്നു പേരുള്ള ഒരു കോണ്‍സ്റ്റബിളിന് ഇതു കൈമാറിയതായും ഡിബി മാര്‍ഗ് പോലിസ് സ്‌റ്റേഷനിലെ അന്നത്തെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ മാലി തന്നെ അറിയിച്ചിരുന്നതായി പത്താന്‍ പരാതിയില്‍ പറയുന്നു.
അന്നത്തെ ഡിഐജി (ആന്റി ടെററിസം സ്‌ക്വാഡ്) ആയിരുന്ന സിംഗ് കോണ്‍സ്റ്റബിളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈപ്പറ്റിയതായി അദ്ദേഹം ആരോപിച്ചു.
26/11 മുംബൈ ആക്രമണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ് മഹാലെയ്ക്ക് സിംഗ് ഫോണ്‍ കൈമാറണമായിരുന്നു, എന്നാല്‍ അദ്ദേഹം പ്രധാന തെളിവ് നശിപ്പിച്ചതായും പത്താന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ സിംഗിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. 13 വര്‍ഷം മുമ്പ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തിനിടെയാണ് കസബിനെ ജീവനോടെ പിടികൂടിയത്.വിചാരണയ്ക്കും സുപ്രിം കോടതി വധശിക്ഷ സ്ഥിരീകരിച്ചതിനും ശേഷം 2012 നവംബറില്‍ അദ്ദേഹത്തെ തൂക്കിലേറ്റിയിരുന്നു.