മുസ്‌ലിംകളെ വെടിവച്ചു കൊന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ മാനസിക നിലയില്‍ കൂടുതല്‍ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

മുംബൈ: ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നു മുസ്‌ലിംകളെയും ദലിത് വിഭാഗത്തില്‍ നിന്നുള്ള മേലുദ്യോഗസ്ഥനെയും വെടിവച്ചു കൊന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിയുടെ മാനസിക ആരോഗ്യം കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഒരുമാസം കൂടി മരുന്ന് നല്‍കിയ ശേഷം വേണം കൂടുതല്‍ പരിശോധന നടത്തേണ്ടതെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് പറയുന്നു.
2023 ജൂലൈ 31നാണ് ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരായ മൂന്നു മുസ്‌ലിംകളെയും ദലിത് വിഭാഗത്തില്‍ നിന്നുള്ള ആര്‍പിഎഫ് എഎസ്‌ഐ ടിക്കാ റാം മീണയേയും ചേതന്‍ സിങ് ചൗധരി വെടിവച്ചു കൊന്നത്. കേസില്‍ വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യം ചേതന്‍ സിങിന് ഇല്ലെന്നാണ് അയാളുടെ അഭിഭാഷകര്‍ പറയുന്നത്. അതിനാലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തിയത്. മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ഫെബ്രുവരി 20ന് ഇയാളെ താനെ മാനസിക ആരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. സൈക്കോസിസ് എന്ന മാനസിക അവസ്ഥ ഇയാള്‍ക്കുണ്ടോ എന്നാണ് പരിശോധിച്ചത്. ഒരുമാസം കൂടി മരുന്ന് നല്‍കി നിരീക്ഷിച്ചാലാണ് അന്തിമ റിപോര്‍ട്ട് നല്‍കാനാവൂ എന്നാണ് മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ ഇയാള്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളും നടത്തിയിരുന്നു. എന്നാല്‍, ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കുടുംബം അവകാശപ്പെട്ടത്. എന്നാല്‍, അങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. അതിനാലാണ് കുറ്റപത്രം നല്‍കിയത്.