മുനമ്പം വഖ്ഫ് ഭൂമി: ഇടത്-വലത് മുന്നണികള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നു: സി പി എ ലത്തീഫ്
തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി വിഷയം രമ്യമായി പരിഹരിക്കുന്നതിനു പകരം വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് എരിതീയില്‍ എണ്ണ ഒഴിക്കാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. വിഷയം ഊതിവീര്‍പ്പിച്ച് സാമൂഹിക ധ്രുവീകരണത്തിന് സംഘപരിവാരവും കാസയുള്‍പ്പെടെയുള്ള തീവ്രവര്‍ഗീയ സംഘടനകളും ശ്രമിക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് അകല്‍ച്ചയും വിദ്വേഷവും സങ്കീര്‍ണമാകുന്നതിന് കാരണമാവുകയാണ്.
ഇതിനിടെ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്‍ അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ കൊണ്ട് കുളം കലക്കാനാണ് ശ്രമിക്കുന്നത്. കഥയറിയാതെ ആട്ടം കാണുന്ന പോലെ വിടുവായത്തം പറയുന്ന സതീശന്റെ ദുഷ്ടലാക്ക് പൊതുസമൂഹം തിരിച്ചറിയണം. അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ക്ക് ശക്തി പകരുന്നതിന് മുസ്‌ലിം ലീഗിനെ ഉപയോഗപ്പെടുത്തുന്ന സതീശന്റെ നടപടികള്‍ക്ക് മറുപടി പറയാന്‍ ലീഗ് നേതൃത്വം ആര്‍ജ്ജവം കാണിക്കണം.
മുനമ്പത്ത് വഖ്ഫ് ബോര്‍ഡില്‍ നിന്ന് നോട്ടീസ് കിട്ടിയത് 12 അനധികൃത കൈയേറ്റക്കാരായ ചില ബിസിനസുകാര്‍ക്ക് മാത്രമാണ്. അവിടെ ഭൂമി വില കൊടുത്തുവാങ്ങിയ താമസക്കാര്‍ക്ക് ആര്‍ക്കും ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല എന്നതാണ് വസ്തുത. പ്രമാണ രേഖ കൈവശമുള്ള താമസക്കാര്‍ക്ക് അവിടെ താമസിക്കാന്‍ അവകാശമുണ്ടാവണം. അതോടൊപ്പം കൈയേറ്റക്കാരായ റിസോര്‍ട്ട് മാഫിയകളെ കുടിയൊഴിപ്പിക്കുകയും വേണം. ഇത്തരത്തില്‍ താമസക്കാരുടെ അവകാശം ഹനിക്കാതെയും വഖ്ഫ് ഭൂമി അന്യാധീനപ്പെടാതെയുമുള്ള രമ്യവും ശാശ്വതവുമായ പരിഹാരമാണ് വേണ്ടത്.
വിഷയത്തെ കത്തിച്ചു നിര്‍ത്തി വരുന്ന തിരഞ്ഞെടുപ്പുകളില്‍ എങ്ങിനെ വോട്ട് തട്ടിയെടുക്കാമെന്ന് ഗവേഷണം നടത്തുന്ന ഇടത്, വലത്, ബിജെപി മുന്നണികളുടെ കുതന്ത്രങ്ങളില്‍ പെട്ടുപോവരുത്. കൂടാതെ മുനമ്പം വിഷയത്തില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് തയ്യാറാവണമെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.