കാഞ്ഞങ്ങാട് കൊലപാതകം: മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട് സന്ദര്‍ശിക്കാനെത്തി; മുസ്‌ലിം ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
തങ്ങളെയല്ലാതെ മറ്റാരെയും വീട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു പ്രതിഷേധക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി അല്‍പ്പദൂരം നടന്നാണ് മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്.
കാസര്‍കോട്: കല്ലൂരാവിയില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റഹ്മാന്‍ ഔഫിന്റെ വീട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മുനവ്വറലി തങ്ങള്‍ക്കൊപ്പം എത്തിയ ലീഗ് നേതാക്കളെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ തടഞ്ഞു. തങ്ങളെയല്ലാതെ മറ്റാരെയും വീട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു പ്രതിഷേധക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി അല്‍പ്പദൂരം നടന്നാണ് മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്.
യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലക്ക് പിന്നിലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഔഫിന്റെ കൊലപാതത്തെ മുസ്‌ലീം ലീഗ് ശക്തമായി അപലപിക്കുന്നു. കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന ഒരു പാരമ്പര്യം മുസ്‌ലിം ലീഗിനില്ല. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും ഉന്നതല ഗൂഢാലോചന നടന്നെന്ന കെ ടി ജലീലിന്റെ വാദം ശരിയല്ലെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.