ഡിഎംകെ മുഖപത്രം മുന്‍ എഡിറ്റര്‍ മുരശൊലി ശെല്‍വം അന്തരിച്ചു
ദ്രാവിഡ മുന്നേറ്റ കഴകം മുഖപത്രമായ മുരശൊലിയുടെ മുന്‍ എഡിറ്ററായിരുന്നു ശെല്‍വം
ബംഗളൂരു: ദ്രാവിഡ മുന്നേറ്റ കഴകം മുഖപത്രമായ മുരശൊലിയുടെ മുന്‍ എഡിറ്റര്‍ ശെല്‍വം (85) അന്തരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സഹോദരീ ഭര്‍ത്താവ് കൂടിയായ ശെല്‍വം ഹൃദയാഘാതത്തെ തുടര്‍ന്നാണ് ബംഗളൂരുവില്‍ വെച്ച് മരിച്ചത്. മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ സഹോദരിയുടെ മകനായ ശെല്‍വം കരുണാനിധിയുടെ മകളെ തന്നെയാണ് വിവാഹം കഴിച്ചത്. ശെല്‍വത്തിന്റെ ഇളയ സഹോദരന്‍ മുരശൊലി മാരന്‍ കേന്ദ്രമന്ത്രിയുമായിരുന്നു.
നിയമസഭയുടെ അന്തസ് തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 1992ല്‍ നിയമസഭാ സമിതി ശെല്‍വത്തെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. നിയമസഭയുടെ ഈ നടപടിക്കെതിരെ ചെന്നൈ പ്രസ്‌ക്ലബ് കടുത്ത പ്രതിഷേധവും നടത്തി. ചിലന്തി എന്ന പേരിലാണ് ശെല്‍വം പ്രധാനമായും കോളങ്ങള്‍ എഴുതിയിരുന്നത്. ഒക്ടോബര്‍ ഒമ്പതിന് രാത്രി പോലും പത്രത്തിലേക്ക് ലേഖനം തയ്യാറാക്കി നല്‍കിയിരുന്നു.
കുട്ടിക്കാലം മുതല്‍ രാഷ്ട്രീയ പാഠങ്ങള്‍ പറഞ്ഞു തന്ന നേതാവായിരുന്നു ശെല്‍വമെന്ന് എം കെ സ്റ്റാലിന്‍ അനുസ്മരിച്ചു. എം കരുണാനിധിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി നിരവധി ശ്രമങ്ങളാണ് ശെല്‍വം നടത്തിയതെന്നും സ്റ്റാലിന്‍ ഓര്‍മിച്ചു.