കൂട്ടുകാരനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍

Update: 2021-04-11 01:28 GMT

വേങ്ങര(മലപ്പുറം): കൂട്ടുകാരനെ കൊന്ന് ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയില്‍ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ ആലപ്പുഴ നൂറനാട് ആദിക്കാട് കുളങ്ങര പൊന്മാന കിഴക്കേത്ത് താജുദ്ദീന്റെ മകനും എടരിക്കോട് പുതുപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ നൗഫല്‍ (18)ന്റെ മൃതദേഹം കണ്ടെന്നുന്നത്. കേസിലെ പ്രതി എടരിക്കോട് ഒറ്റത്തെങ്ങിനു സമീപം താമസിക്കുന്ന മുഹമ്മദ് സല്‍മാന്‍ (22) വേങ്ങര പോലിസ് പിടിയിലായി.

സംഭവം പോലിസ് വിശദീകരിക്കുന്നത് ഇങ്ങനെ. കഴിഞ്ഞ മൂന്നിനു വൈകുന്നേരം അഞ്ചരയോടെ നൗഫലിനെ മുഹമ്മദ് സല്‍മാന്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഇരുവരും െൈബക്കില്‍ ഊരകം മലയിലെ എരുമപ്പാറയില്‍ എത്തുകയും ഇരുവരും കഞ്ചാവ് വലിക്കുകയും ചെയ്തു. ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദ് സല്‍മാന്‍, നൗഫലിനെ അടിച്ചുവീഴ്ത്തി. നീണ്ട മുടിയുള്ള നൗഫിലിന്റെ തല മൂന്നു തവണ പാറയില്‍ ഇടിച്ചതിനാല്‍ മാരകമായ മുറിവുണ്ടാവുകയും രക്തം വാര്‍ന്ന് നൗഫല്‍ മരിക്കുകയും ചെയ്തു. പിന്നീട് നൗഫലിനെ താഴേക്ക് തള്ളിയിട്ടു. എന്നാല്‍ മൃതദേഹം പുല്ലില്‍ തടഞ്ഞു നിന്നു. വീണ്ടും മുഹമ്മദ് സല്‍മാന്‍ താഴെയെത്തി നാല്പത് മീറ്ററോളം താഴ്ച്ചയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി കിടത്തി. തുടര്‍ന്ന് ഒറ്റത്തെങ്ങില്‍ ബൈക്കിലെത്തിയ സല്‍മാന്‍ ഉമ്മയെക്കൂട്ടി ബാപ്പയുടെ നാടായ മൈസൂരിലേക്കു പോയി. അതേ സമയം നൗഫല്‍ വീട്ടിലെത്താത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി. വീണു കിടന്ന നൗഫലിന്റെ ഫോണ്‍ ഊരകം മലയില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് ലഭിക്കുകയും ഫോണ്‍ ബെല്ലടിക്കുന്നത് അദ്ദേഹം എടുക്കുയും ചെയ്തു. തുടര്‍ന്നാണ് നാട്ടുകാരുടെ അന്വേഷണം എരുമപ്പാറയിലേക്കെത്തുന്നത്.

മൊഴിയെടുക്കുന്നതിന് ഹാജരാകണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി വേങ്ങര പോലിസ് സ്‌റ്റേഷനില്‍ എത്തുന്നത്. വെള്ളിയാഴ്ച്ച അറസ്റ്റു ചെയ്ത് മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കേസന്വേഷണത്തിനായി നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച പകല്‍ 11ന് ഊരകം എരുമപ്പാറയിലും തുടര്‍ന്ന് പുതുപ്പറമ്പിലെ നൗഫലിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം ഡിവൈഎസ്പി കെ സുദര്‍ശനന്‍, വേങ്ങര സിഐ എ ആദം ഖാന്‍, വേങ്ങര എസ്‌ഐ ബാലചന്ദ്രന്‍, സീനിയര്‍ സിപിഒമാരായ സിനീഷ്, ഷിജു, സുബൈര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News