ഫ്‌ളാറ്റിലെ കൊല: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ചുപ്രതികള്‍ കുറ്റക്കാര്‍
കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാമദാസിനെ തെളിവില്ലെന്നു കണ്ട് കോടതി വെറുതെവിട്ടു
തൃശൂര്‍: ഒറ്റപ്പാലം സ്വദേശിയെ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ഒന്നാംപ്രതി കൃഷ്ണപ്രസാദ്, രണ്ടാംപ്രതിയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം മുന്‍ പ്രസിഡന്റ് റഷീദ്, ഇയാളുടെ കാമുകി മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. ശിക്ഷ ജൂലൈ 13ന് പ്രഖ്യാപിക്കും. കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാമദാസിനെ തെളിവില്ലെന്നു കണ്ട് കോടതി വെറുതെവിട്ടു.
2016 മാര്‍ച്ച് മൂന്നിനാണു കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം മഞ്ഞക്കാട് ലതാ നിവാസില്‍ സതീശനെയാണ് അയ്യന്തോളിലെ റസിഡന്‍സിയിലെ 102ാം ഫഌറ്റില്‍ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷീദും മൂന്നാം പ്രതി ശാശ്വതിയും തമ്മിലുള്ള ബന്ധവും റഷീദിന്റെ സാമ്പത്തിക ഇടപാടുകളും സതീശന്‍ ചിലരോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയെന്നാണ് നാലും എട്ടും പ്രതികള്‍ ചെയ്ത കുറ്റം. 2016 ഫെബ്രുവരി 29ന് അയ്യന്തോളിലെ ഫ്‌ളാറ്റിലെത്തിയ സതീശനെ കൃഷ്ണപ്രസാദും റഷീദും ശാശ്വതിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശാശ്വതിയുടെ അഞ്ച് വയസ്സുള്ള മകള്‍ ഇതിന് സാക്ഷിയായിരുന്നു. കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
Murder in Flat: Five accused including Youth Congress leader found guilty