ഫ്‌ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അര്‍ഷാദ് പിടിയില്‍

കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദ് പിടിയിലായത്.

Update: 2022-08-17 09:33 GMT

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദ് പിടിയിലായത്.

കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. ഇതോടെ ഇയാള്‍ വടക്കന്‍ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പോലിസ് ഉറപ്പിച്ചു. സംഘം ചേര്‍ന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പോലിസിന്റെ വലയിലായത്. ഇയാള്‍ കോഴിക്കോടേക്ക് രക്ഷപ്പെട്ടതായാണ് പോലിസ് സംശയിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് അതിര്‍ത്തിഭാഗത്ത് നിന്ന് പിടികൂടിയത്. ഇയാള്‍ കര്‍ണാടകയിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നെന്നാണ് പോലിസ് അവകാശപ്പെടുന്നത്.

കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തില്‍ 20ഓളം മുറിവുകളുണ്ട്. തലയിലുള്‍പ്പെടെ മുറിവുകളുണ്ടെന്നു അതിക്രൂരമായ കൊലപാതകമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം പുറത്തറിഞ്ഞ ശേഷമാണ് അര്‍ഷാദ് ഒളിവില്‍പോയത്.

ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്‌ലാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അര്‍ഷാദ് ഈ ഫ്‌ലാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല. കൊലപാതകം നടക്കുമ്പോള്‍ സജീവും അര്‍ഷാദും മാത്രമായിരുന്നു ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. ടൂറിലായിരുന്ന മറ്റ് മൂന്ന് പേര്‍ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് ഫോണ്‍ എടുത്തില്ല. പകരം സജീവിന്റെ ഫോണില്‍ നിന്ന് മേസേജുകള്‍ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതക വിവരം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മെസേജുകള്‍ കണ്ടപ്പോള്‍ ഭാഷയില്‍ സംശയം തോന്നിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

എന്നാല്‍ സജീവെന്ന വ്യാജേനെ ഇവരോട് സംസാരിച്ചിരുന്നത് അര്‍ഷാദ് ആയിരുന്നുവെന്നാണ് പൊലിസ് നിഗമനം. ഇപ്പോള്‍ ഫ്‌ലാറ്റിലേക്ക് വരേണ്ടതില്ലെന്നും താന്‍ സ്ഥലത്തില്ലെന്നുമാണ് സജീവിന്റെ ഫോണിലൂടെ അര്‍ഷാദ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് ആവര്‍ത്തിച്ചത് സുഹൃത്തുക്കളില്‍ സംശയമുണ്ടാക്കി. ഇതോടൊപ്പം ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയും പകരും മെസേജിലൂടെ മാത്രം കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതോടെ കൊടൈക്കെനാലിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഫ്‌ലാറ്റിലെ കെയര്‍ ടേക്കറോട് കാര്യമന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഫ്‌ലാറ്റില്‍ പരിശോധന നടന്നതും മൃതദേഹം കണ്ടെത്തിയതും.

Tags:    

Similar News