ആറ് മണിക്കൂറോളം മരണത്തോട് മല്ലടിച്ച് കൃഷ്ണപ്രിയ യാത്രയായി; സംസ്‌കാരം ഇന്ന്
യു പി ജലീല്‍
തിക്കോടി: ആറ് മണിക്കൂറോളം മരണത്തോട് മല്ലടിച്ച് കൃഷ്ണപ്രിയ യാത്രയായി. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന തിക്കോടിഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ വെച്ചാണ് പട്ടാപകല്‍ നാടിനെ നടുക്കിയ കൊടും ക്രൂരകൃത്യം അരങ്ങേറിയത്. ഓഫിസിലേക്ക് കയറാന്‍ പോകുന്ന കൃഷ്ണപ്രിയയെ അടുത്തേക്ക് വിളിച്ച് വരുത്തി തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. ശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പള്ളിത്താഴ സ്വദേശി നന്ദുവും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് സംഭവത്തിന് പിന്നെലെന്ന് പറയപ്പെടുന്നു.
നിലവിളികേട്ട് ഓടിയത്തിയ നാട്ടുകാര്‍ വെള്ളം ശേഖരിച്ച് ഒഴിച്ചുകൊടുത്താണ് തീ കെടുത്തിയത്. പൊള്ളലേറ്റ പെണ്‍കുട്ടിയേയും യുവാവിനെയും ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന സ്വകാര്യ വാഹനങ്ങളോട് നാട്ടുകാര്‍ നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തയാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒടുവില്‍ ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ഒട്ടിപ്പിടിച്ചതിനാല്‍ വാഴയിലയും മറ്റും ഉപയോഗിച്ചാണ് ഇവരെ വാഹനത്തില്‍ കയറ്റിയത്. നാലുദിവസം മുമ്പാണ് ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ പ്ലാനിംഗ് വിഭാഗത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റായി കൃഷ്ണപ്രിയക്ക് താല്‍ക്കാലിക ജോലി ലഭിക്കുന്നത്. ഇന്നലെ വൈകിട്ട് 4ന് മരണത്തിന് കീഴടങ്ങിയ കൃഷ്ണപ്രിയയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.